നിലമ്പൂര്: കക്കാടംപൊയിലില് പി.വി. അന്വര് എംഎല്എയുടെ ഉടമസ്ഥതയിലുള്ള പിവിആര് നാച്ചുറല് പാര്ക്കിലെ തടയണകള് പൊളിച്ചു നീക്കാന് കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി.
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിര്മാണങ്ങള് പൊളിച്ചു നീക്കാന് ടെണ്ടര് വിളിക്കാന് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേര്ന്ന് തീരുമാനിച്ചു.
നേരത്തെ, തടയണ പൊളിക്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിച്ചിരുന്നു. എന്നാല് അന്വര് പാര്ട്ടിയുമായി അകന്നതോടെ പഞ്ചായത്ത് നടപടിയിലേക്ക് കടക്കുകയായിരുന്നു.
അതിനിടെ, അന്വര് ഇന്ന് കോഴിക്കോട് പൊതുയോഗത്തില് സംസാരിക്കും. മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുക. മുതലക്കുളം മൈതാനത്ത് വൈകുന്നേരം ആറരയ്ക്കാണ് പരിപാടി.
കോഴിക്കോട്ടെ റിയല് എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില് എഡിജിപി എം.ആര്. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് അന്വര് നേരത്തെ ആരോപിച്ചിരുന്നു.
അതേസമയം , ഫോണ് ചോര്ത്തല് കേസില് അന്വറിനെ പോലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല് നല്കിയ പരാതിയിലാണ് കോട്ടയം കറുകച്ചാല് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ് ചോര്ത്തി സമൂഹത്തില് സ്പര്ധ വളര്ത്തിയെന്നായിരുന്നു പരാതി.
എന്നാൽ താന് ഫോണ് ചോര്ത്തിയതല്ല, തനിക്ക് വന്ന ഫോണ് കോള് റെക്കോര്ഡ് ചെയ്തതാണ് എന്നാണ് അന്വറിന്റെ വിശദീകരണം.
അതിനിടെ, കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് പി.വി.അന്വര് നിലമ്പൂരില് ചന്തക്കുന്നിലെ ബസ്സ്റ്റാന്ഡിനടുത്ത് നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തില് വന് ജനാവലിയാണ് പങ്കെടുത്തത്. സിപിഎം മരുത മുന് ലോക്കല് സെക്രട്ടറി ഇ.എ.സുകു ആയിരുന്നു യോഗത്തില് സ്വാഗതം പറഞ്ഞത്.