കാക്കനാട്: പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിൽ സിപിഎം പാർട്ടി നേതാക്കളുടെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് അറസ്റ്റിലായ മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവറിന്റെ വെളിപ്പെടുത്തൽ. തുടർന്ന് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിലെ മൂന്നാംപ്രതി അൻവറിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അൻവറിനുള്ള പങ്കും മറ്റു രണ്ടു പ്രാദേശിക നേതാക്കളെ കുറിച്ചും ബോധ്യപ്പെട്ടു.
അൻവറും ഭാര്യ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൗലത്തും ചേർന്ന് തട്ടിയെടുത്ത പണം തിരിച്ചടക്കാൻ സിപിഎം നേതാക്കളാണ് പറഞ്ഞതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നേതാക്കളാണ് പ്രതികളായ അൻവറിനും ഭാര്യ കൗലത്തിനും മൂന്നു മാസത്തിലധികം ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതും.
പാർട്ടി ലോക്കൽ നേതാക്കൾ വഴി തട്ടിയെടുത്ത ദുരിതാശ്വാസഫണ്ട് തിരിച്ചടക്കാമെന്ന് ജില്ലാ കളക്ടറെ നേരിൽ കണ്ട് പറഞ്ഞതും അൻവർ വെളിപ്പെടുത്തിയ നേതാക്കൾ തന്നെയാണ്. പണം തിരിച്ചടച്ച് തട്ടിപ്പ് കേസ് ഇല്ലാതാക്കാനായിരുന്നു ലക്ഷ്യം. കളക്ടറുടെ നിർദേശപ്രകാരം ബാങ്ക് സെക്രട്ടറി പണം തിരിച്ചടച്ചുവെങ്കിലും ജില്ലാ ഭരണകൂടം പോലീസിൽ പരാതി നൽകി. അങ്ങനെയാണ് സംഭവം വെളിച്ചതായത്.
പ്രളയ ഫണ്ട് തട്ടിയെടുക്കാൻ കലക്ട്രേറ്റിലെ ദുരന്തനിവാരണ വിഭാഗം സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദുമായും കേസിലെ മറ്റു പ്രതികളുമായും നടത്തിയ ഗൂഢാലോചനയിലെ മുഖ്യ കണ്ണിയാണ് അൻവറെന്നും അന്വേഷണ സംഘം കണ്ടെത്തി.
തട്ടിപ്പു നടത്തുന്ന കാലയളവിൽ ഇയാൾ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗവും ഭാര്യ കൗലത്ത് സിപിഎം ഭരിക്കുന്ന വാഴക്കാല അയ്യനാട് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് മെംബറും ആയിരുന്നു. തട്ടിപ്പു പുറത്തായപ്പോൾ ഇരുവരെയും പാർട്ടി പുറത്താക്കുകയായിരുന്നു.
ഇവരെ പാർട്ടിയിൽ നിന്നും ഒഴിവാക്കുന്നതോടെ നേതാക്കളുടെ പങ്ക് വെള്ളിച്ചത്തു വരില്ലെന്നാണ് പ്രാദേശിക നേതാക്കൾ കരുതിയത്. അൻവറിന്റെയും ഭാര്യ കൗലത്തിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് തട്ടിപ്പിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് പ്രളയനിധിയിൽ നിന്നും 10,54000 രൂപ നൽകിയത്.
പ്രളയ ഫണ്ട് തട്ടിപ്പിൽ സിപിഐയ്ക്ക് നേരിട്ട് പങ്കില്ലെങ്കിലും അവരുടെ സർവീസ് സംഘടനയിലെ ചില നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. സർവീസ് സംഘടന ജില്ല വനിതാ നേതാവാണ് പ്രളയ ദുരിതാശ്വാസ വിഭാഗത്തിലെ ജൂനിയർ സൂപ്രണ്ട്. വിഷ്ണുപ്രസാദ് തയാറാക്കിയ വ്യാജ രസീതിൽ ഇവരും ഒപ്പിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഇവരുടെ വീട്ടിലുൾപ്പെടെ പ്രളയ ദുരിതാശ്വാസ വിഭാഗത്തിലെ ജീവനക്കാരുടെ വാസസ്ഥലത്തും വീടുകളിലും അന്യേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും മറ്റു തെളിസുകൾ ഒന്നും ലഭിച്ചില്ലെന്നാണറിയുന്നത്.