മഞ്ചേരി: കർണാടകയിൽ ക്രഷർ യൂണിറ്റിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു നിലന്പൂർ എംഎൽഎ പി.വി. അൻവർ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അന്വേഷണം നടത്താൻ മഞ്ചേരി പോലീസ് മംഗലാപുരത്തേക്കു തിരിച്ചു. ഇന്നലെ രാത്രിയാണ് അന്വേഷണ സംഘം യാത്ര തിരിച്ചത്.
പ്രവാസി വ്യവസായി സലീം നൽകിയ പരാതിയിലാണ് അന്വേഷണം. ഇത്തരമൊരു ക്രഷർ സ്ഥലത്തുണ്ടോ, ആരുടെ പേരിലാണ് ക്രഷറിന്റെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളിൽ മംഗലാപുരത്തുളള ക്രഷർ യൂണിറ്റ് പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാനാണ് പോലീസ് സംഘം പോയത്.
ക്രഷർ യൂണിറ്റിന്റെ മറ്റു രേഖകളും പോലീസ് പരിശോധിക്കും. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നു മലപ്പുറം പട്ടർക്കടവ് നടുത്തൊടി സലീമിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
മംഗലാപുരം ബൽത്തങ്ങാടി മലോടത്തുകാരയയിലെ കെ.ഇ സ്റ്റോണ്‍ ക്രഷറും സ്ഥലവും തന്റേതാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഎൽഎ വ്യവസ്ഥയുണ്ടാക്കിയതെന്നും എന്നാൽ ബന്ധപ്പെട്ട സ്ഥലം ലീസിൽ മറ്റാർക്കോ ഉടമപ്പെട്ടതാണെന്നും സലീം ആരോപിക്കുന്നു.
അതേസമയം സ്ഥാപനത്തിന്റെ യഥാർഥ പേരു തുർക്കളാകെ ക്രഷറർ എന്നാണെന്നും സലീം വ്യക്തമാക്കുന്നു. പരാതിയുമായി ബന്ധപ്പെട്ടു സലീം നൽകിയ പണമിടപാട് രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. മംഗലാപുരത്തെ തെളിവെടുപ്പിനു ശേഷം അൻവറിനെ ചോദ്യം ചെയ്യുന്ന കാര്യം അന്വേഷണ സംഘം തീരുമാനിക്കുമെന്നു മഞ്ചേരി സിഐ എൻ.ബി ഷൈജു അറിയിച്ചു.