ചേർത്തല: കണ്ണിനെ ബാധിച്ച കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കായി ഒന്നര വയസുകാരി അൻവിതയും കുടുംബവും ഹൈദരാബാദിലേക്കു യാത്രയായി. ഞായറാഴ്ച രാവിലെ 7.15ന് ചേർത്തലയിൽനിന്നാണ് നഗരസഭ 21ാം വാർഡ് മുണ്ടുവെളി വിനീത് വിജയൻ- ഗോപിക ദന്പതികൾ സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിൽ മകളുമായി യാത്ര തിരിച്ചത്.
ഏഴിനു രാവിലെ ഹൈദരാബാദ് എൽ.വി.പ്രസാദ് ആശുപത്രിയിൽ പരിശോധന ആരംഭിക്കും. എട്ടിന് അവിടെ തന്നെയുള്ള അപ്പോളോ ആശുപത്രിയിൽ കീമോ ചികിത്സയ്ക്കു ശേഷം ഒരു ദിവസം കഴിഞ്ഞു നാട്ടിലേക്കു മടങ്ങും.
അൻവിത കണ്ണിനെ ബാധിക്കുന്ന കാൻസർ( റെറ്റിനോബ്ലാസ്റ്റോമ)രോഗത്തിനു ഹൈദരാബാദ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ലോക്ക് ഡൗൺ മൂലം ചികിത്സ മുടങ്ങുമോയെന്ന ആശങ്കയിലായിരുന്നു ഈ കുടുംബം.
മാധ്യമവാർത്തയിലൂടെ വിവരം അറിഞ്ഞ എ.എം. ആരിഫ് എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ അഭ്യർഥന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുട്ടിയുടെ ചികിത്സയ്ക്കും യാത്രയ്ക്കും വേണ്ട നടപടികളെടുക്കുകയായിരുന്നു.
ചേർത്തല സ്വദേശികളായ മനോജ്, രാജീവ് എന്നിവരാണ് ഡ്രൈവർമാർ. ചികിത്സയ്ക്കു ശേഷം കുട്ടിയെ ഇതേ ആംബുലൻസിൽ തിരികെ വീട്ടിലെത്തിക്കുമെന്നു മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ് മൂലം ഏറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദിലെത്തിക്കാൻ സംവിധാനമൊരുക്കിയത്.
കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് കുഞ്ഞിനെ ഹൈദരാബാദിലെത്തിക്കാൻ ആവശ്യമായ യാത്ര സൗകര്യം ഏർപ്പെടുത്തിയത്. യാത്ര അനുമതിയും ആംബുലൻസ് കടന്നു പോകുന്ന അരൂർ, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, സേലം, കൃഷ്ണഗിരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ യാത്രാ തടസങ്ങൾ ഒഴിവാക്കാൻ വേണ്ട നിർദേശങ്ങൾ പോലീസ് ആസ്ഥാനത്തുനിന്നു നൽകിയിരുന്നു.
യാത്രാച്ചെലവും മറ്റും സർക്കാരാണു വഹിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷൻ ഉദ്യോഗസ്ഥർ രാവിലെ വീട്ടിലെത്തി രക്ഷിതാക്കൾക്കു യാത്രാച്ചെലവിനുള്ള തുക കൈമാറി. ഹൈദരാബാദിൽ ചെന്നാൽ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കാനുള്ള നടപടികളും ആരോഗ്യ മന്ത്രിയുടെ ഓഫീസ് എടുത്തിട്ടുണ്ട്.