നഷ്ടപരിഹാരം കിട്ടുമോ കനത്ത ആശങ്കയില്‍ താറാവ് കര്‍ഷകര്‍; താറാവുകള്‍ ചാകുന്നതില്‍ കുറവു വന്നതായി വിവരം…

വൈക്കം: വെച്ചൂരില്‍ താറാവുകള്‍ ചാകുന്നത് തുടരുന്‌പോഴും താറാവുകള്‍ ചാകുന്നതിന്റെ രോഗകാരണം അറിയാത്തതിനാല്‍ കര്‍ഷകരുടെ ആശങ്കയേറുന്നു.


ഇന്നലെ തോട്ടുവേലിച്ചിറ ഹംസയുടെ 200 താറാവുകളും വര്‍ഗീസ് തേവര്‍പുഴയുടെ 300 താറാവുകളും ചത്തു. മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കയച്ച സാന്പിളുകളുടെ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ല.

തിരുവല്ലയിലും ഭോപ്പാലിലും ആദ്യം സാന്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പിന്നീടും താറാവുകള്‍ ചത്തതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി വീണ്ടും സാന്പിള്‍ ഭോപ്പാലിലേക്ക് അയച്ചത്.

താറാവുകള്‍ ചാകുന്നതിന്റെ കാരണം വ്യക്തമാകാത്തതിന്റെ പേരില്‍ അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കുമോയെന്ന കാര്യത്തിലും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. 4000 താറാവു വളര്‍ത്തുന്ന കര്‍ഷകനു ഒരു ദിവസം താറാവിനു തീറ്റ നല്‍കാന്‍ മാത്രം 4500 രൂപ വേണം.

ഇതിനു പുറമേ താറാവിനെ തീറ്റാന്‍ സഹായിക്കുന്ന രണ്ട് തൊഴിലാളികള്‍ക്ക് കൂലിയായി ആയിരം രൂപ വീതം നല്‍കണം. രോഗബാധയുണ്ടായതോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വന്‍തുക ചെലവഴിച്ചാണ് മരുന്നു വാങ്ങി നല്‍കുന്നത്.

വിറ്റാമിന്‍ ഗുളികയും ലിവര്‍ ടോണിക്കും വാങ്ങി നല്‍കാനായി ഹംസ ഇതിനകം 60,000രൂപയോളം ചെലവഴിച്ചെങ്കിലും ഹംസയുടെ ചെറുതും വലുതുമായി 6000ത്തിലധികം താറാവുകള്‍ ചത്തു കഴിഞ്ഞു.


ഇന്നലെ മുതല്‍ താറാവുകള്‍ ചാകുന്നതില്‍ കുറവു വന്നതോടെ അസുഖം മാറി വരികയാണെന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍.

Related posts

Leave a Comment