ടോക്കിയോ: കൊടൈക്കനാലിലെ ഗുണ കേവിന്റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ “മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ ലോകത്തിനു കാട്ടിത്തന്നു. എന്നാൽ, ഗുണ കേവിനേക്കാൾ ഭയാനകവും ഭീകരവുമായ ഇടങ്ങൾ ലോകത്തുണ്ട്. “ആത്മഹത്യാവനം’ എന്നറിയപ്പെടുന്ന ജപ്പാനിലെ ഒരു കൊടുംവനം ഗുണ കേവിനെയൊക്കെ അപ്രസക്തമാക്കുമെന്നാണു റിപ്പോർട്ടുകൾ.
ജപ്പാനിലെ ആവോകിഗഹര വനത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ഈ വനത്തിനുള്ളിലേക്കു കയറിപ്പോയവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണത്രെ തിരിച്ചുവന്നിട്ടുള്ളത്. 35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ വനത്തിലേക്ക് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽനിന്നു രണ്ടുമണിക്കൂർ യാത്രയുണ്ട്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ മരങ്ങളുടെ സമുദ്രം എന്നും ഈ വനം അറിയപ്പെടുന്നു.
ഇവിടെ കാന്തിക മൂലകങ്ങളുടെ നിക്ഷേപം വലിയതോതിലുണ്ട്. അഗ്നിപർവതങ്ങളാൽ ഉണ്ടായതാണിത്. ഇതുമൂലം വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെയെത്തിയാൽ പ്രവർത്തിക്കില്ല. മൊബൈൽ ഫോണുകൾക്കു സിഗ്നലും കിട്ടില്ല. വനത്തിനുള്ളിൽ കയറിയാൽ വന്നവഴി കണ്ടുപിടിക്കുക അസാധ്യം.
അതുകൊണ്ടാണു പുറത്തിറങ്ങാനാവാതെ കുടുങ്ങുന്നതും മരണപ്പെടുന്നതും. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനമാണ് ആവോകിഗഹര വനത്തിന്. (യുഎസിലെ ഗോൾഡൻ ഗേറ്റ് പാലമാണ് ഒന്നാമത്). ആവോകിഗഹര വനത്തിന്റെ ഭീകരാന്തരീക്ഷം കാണുമ്പോൾ ആളുകളിൽ ആത്മഹത്യാ ചിന്തകൾ ഉണരുമത്രെ. അതിനാൽ ആത്മഹത്യയ്ക്കെതിരേ അവബോധം സൃഷ്ടിക്കാൻ പര്യാപ്തമായ ബോർഡുകൾ വനത്തിനു സമീപം സ്ഥാപിച്ചിട്ടുണ്ട്.