അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചന, മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അബ്ദുള്ളക്കുട്ടി വന്നേക്കും, മോദിസ്തുതി വ്യക്തമായ പ്ലാനിംഗോടെ തന്നെ, ലക്ഷ്യം ബിജെപിയുടെ ന്യൂനപക്ഷമുഖം

എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയതോതില്‍ പുകഴ്ത്തിയതിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മോദി വികസനനായകനാണെന്നും ഏവര്‍ക്കും അനുകരണീയ മാതൃകയാണെന്നും മുന്‍ കണ്ണൂര്‍ എംപി പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അദേഹത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പറഞ്ഞത് ഉറക്കത്തിലല്ലെന്നും താന്‍ പറഞ്ഞതെന്താണെന്ന് തനിക്കറിയാമെന്നും അബ്ദുള്ളക്കുട്ടി തിരിച്ചടിച്ചു. വേണമെങ്കില്‍ കോണ്‍ഗ്രസ് നടപടിയെടുക്കട്ടെയെന്നും അദേഹം വെല്ലുവിളിച്ചു.

അബ്ദുള്ളക്കുട്ടി കഴിഞ്ഞ കുറേക്കാലമായി നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. കണ്ണൂരിലെ പാര്‍ട്ടി പരിപാടികളില്‍ അത്ര സജീവമല്ല. ചില നേതാക്കള്‍ തന്നെ തഴയുന്നുവെന്ന പരാതി അദേഹത്തിനു നേരത്തെ തന്നെയുണ്ട്. അടുത്തിടെ ഒരു ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം.

മഞ്ചേശ്വരത്ത് അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. അവിടെ നിന്നും ന്യൂനപക്ഷത്തില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയിച്ചുകയറാമെന്ന് ബിജെപി കരുതുന്നു. ബിജെപിയിലേക്ക് ചേക്കേറാനുള്ള ആദ്യപടിയെന്ന നിലയിലാണ് അബ്ദുള്ളക്കുട്ടിയുടെ മോദിസ്തുതിയെന്നാണ് രാഷ്ട്രീയനിരീക്ഷണം.

Related posts