ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണ്‍കുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നവരും പെണ്‍കുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ദന്പതികൾ ഉണ്ടെങ്കിലും ചിലർക്ക് ആൺകുട്ടികൾ മാത്രമേ ജനിക്കൂ. ചിലർക്കാകട്ടെ പെൺകുട്ടികളും. ഇങ്ങനെ ആൺകുട്ടികൾ മാത്രമുള്ള ഒരു വീടായിരുന്നു മിഷിഗണ്‍ സ്വദേശിനിയായ കാറ്റേരി ഷ്വാണ്ടിന്റെയും.
ഒന്നും രണ്ടും മൂന്നുമല്ല, പതിനാല് ആൺകുട്ടികൾ! 30 വർഷത്തിനുശേഷം ഇപ്പോൾ ഒരു പെൺകുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് കാറ്റേരി ഷ്വാണ്ട്. ജെയും കാറ്റേരിയും ഹൈസ്കൂള്‍ കാലം മുതലേ പ്രണയത്തിലായിരുന്നു.
കോളേജില്‍ ചേരുന്നതിന് മുമ്പേ 1993 ല്‍ അവര്‍ വിവാഹിതരായി. ബിരുദകോഴ്സ് കഴിയുന്നതിന് മുന്‍പ് ഇവർക്ക് മൂന്നു കുട്ടികൾ ഉണ്ടായി.
ടൈലർ, സാച്ച്, ഡ്രൂ, ബ്രാൻഡൻ, ടോമി, വിന്നി, കാൽവൻ, ഗേബ്, വെസ്ലി, ചാർലി, ലൂക്ക്, ടക്കർ, ഫ്രാൻസിസ്കോ, ഫിൻലി എന്നിങ്ങനെയാണ് ആൺമക്കളുടെ പേര്.
ഇതിൽ ഏറ്റവും മൂത്തയാളായ ടൈലറിന് 28 വയസുണ്ട്. കഴിഞ്ഞ മാസമായിരുന്നു ടൈലറിന്റെ വിവാഹം. കാറ്റേരിക്ക് വ്യാഴാഴ്ചയാണ് പെണ്‍കുഞ്ഞ് പിറന്നത്. മാഗി ജെയിന് എന്ന് പേരിട്ട കുഞ്ഞിന് 3.4 കിലോഗ്രാം ഭാരമുണ്ട്.
ഈ വര്‍ഷം പലകാരണങ്ങള്‍ കൊണ്ടും മറക്കാനാവാത്തതാണ്. എന്നാല്‍ മാഗി ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ്. ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്.
ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയായി എത്തുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.- കാറ്റേരിയുടെ ഭര്‍ത്താവ് ജെയ് പറയുന്നു.