വാഷിംഗ്ടണ്‍ ഡിസി: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്സിൻ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. യുഎസിലെ സിയാറ്റിലിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വയം സന്നദ്ധരായ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് ആറാഴ്ച പരീക്ഷണം.
ഇവർ 18നും 55നും ഇടയിൽ പ്രായമുള്ളവരാണെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) അറിയിച്ചു. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലിനിക്കൽ ട്രയലിൽ ആദ്യ ഡോസ് വോളണ്ടിയർമാർക്കു നൽകി. 45 പേരിൽ ജെന്നിഫർ ഹാളർക്കാണ് ആദ്യ കുത്തിവയ്പ്പെടുത്തത്.
ഇതു പരീക്ഷണം മാത്രമാണ്. കൂടുതൽ പരീക്ഷണഘട്ടത്തിലൂടെ ഇവ ഫലവത്തും സുരക്ഷിതവുമാണെന്ന് തെളിയണം. ഇതിനുശേഷം വാക്സിൻ വികസിപ്പിക്കാൻ ഒന്നുമുതൽ ഒന്നരവർഷം വരെ എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
അമേരിക്കയിൽ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ലാബുകളിലും വാക്സിൻ വികസനത്തിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ വാക്സിന്റെ കുത്തകാവകാശം നേടാൻ അമേരിക്ക നീക്കം ആരംഭിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്സിൻ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
എംആർഎൻഎ 1273 എന്നാണ് കൊറോണ വാക്സിന്റെ കോഡ് നാമം. യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേർണ എന്ന ബയോടെക്നോളജി കന്പനിയിലെ വിദഗ്ധരും ചേർന്നാണ് പുതിയ കൊറോണ വാക്സിൻ വികസിപ്പിക്കുന്നത്.