ശാസ്താംകോട്ട: ആശാരിമുക്ക് – കാരൂർക്കടവ് റോഡിൽ റെയിൽവേ പുറമ്പോക്കിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പ്രധാന പാതയിൽ നിന്ന് കാരൂർക്കടവിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റെയിൽവേ ഗേറ്റിനു സമീപമാണ് റോഡിലേക്ക് വീഴത്തക്ക രീതിയിൽ ഉണങ്ങി നിൽക്കുന്ന കൂറ്റൻ അക്കേഷ്യ മരം നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്നത്.
റെയിൽവേ ഗേറ്റ് അടക്കുന്ന സമയങ്ങളിൽ സ്കൂൾ ബസുൾപ്പടെ നിരവധി വാഹനങ്ങൾ ഇവിടെ നിർത്തിയിടാറുണ്ട്.
ഏതു നിമിഷവും വീഴുമെന്ന അവസ്ഥയിലുള്ള മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഗ്രാമ പഞ്ചായത്ത് അംഗം ലതാകുമാരിയുടെയും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വൈ. നജീമിന്റെയും നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയ്ക്കും റയിൽവെ അധികാരികൾക്കും പഞ്ചായത്തിനും പരാതി നൽകി.