ന്യൂമാഹി: കനത്ത മഴയിൽ അപകട ഭീഷണിയുയർത്തി മുപ്പതിലേറെ അടി ഉയരത്തിലുള്ള ചെങ്കൽ മതിൽ. സമീപത്തെ വീടുകളെക്കാൾ ഉയരത്തിലുള്ള മതിൽ മൂന്നു വീടുകൾക്കും താമസക്കാർക്കും ഭീഷണിയായിരിക്കുകയാണ്. കുന്നിൻചെരുവിലെ മതിലിന്റെ മറുഭാഗത്തു മണ്ണും ചെളിയും നിറഞ്ഞു ശക്തമായ മഴയിൽ മതിൽ വിണ്ടുകീറി വീടുകളുള്ള ഭാഗത്തു മറിഞ്ഞുവീഴാവുന്ന നിലയിലാണ്.
രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നു മതിലിനു സമീപത്തെ വീട്ടുകാർ പത്തലായി രോഹിണിയും രവീന്ദ്രനും അധികൃതർക്കു പരാതി നൽകി. 12 ദിവസം മുമ്പ് ഇതുസംബന്ധിച്ചു പഞ്ചായത്ത് അധികൃതർക്കു നൽകിയ പരാതിയിൽ ഇതുവരെ നടപടിയൊന്നുമുണ്ടാകാത്തതാണു മതിൽ കൂടുതൽ അപകടാവസ്ഥയിലാകാൻ കാരണമെന്നു പരാതിക്കാരും സമീപവാസികളും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ, വാർഡംഗം എം.കെ. സെയ്തു, പഞ്ചായത്ത് സെക്രട്ടറി സതീഷ് ബാബു, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്തിന്റെ അറിവില്ലാതെ അനധികൃതമായാണു മതിൽ നിർമിച്ചതെന്നും മതിൽ പൊളിച്ചുനീക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.