ചിറ്റൂർ: താലൂക്ക് ആശുപത്രി മുതൽ പ്രധാന തപാൽനിലയം വരെ പത്തോളം വൈദ്യുതി പോസ്റ്റുകൾ റോഡതിക്രമിച്ചുനിൽക്കുന്നതു ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമായിരിക്കുകയാണ്. ആശുപത്രി ജംഗ്ഷൻ, വിളയോടി തിരിവ് റോഡ്, ഫാത്തിമാജംഗ്ഷൻ, സൗദാംബിക ജംഗ്ഷൻ , ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം എന്നിവിടങ്ങളിലാണ് വൈദ്യുതി പോസ്റ്റുകൾ മാർഗ്ഗതടസ്സമായി നിലകൊള്ളുന്നത്.
ഏകദേശം നാൽപ്പതു വർഷം മുന്പാണ് ടൗണിൽ പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു ശേഷം പലതവണ ഘട്ടം ഘട്ടമായി റോഡുവികസനം നടത്തിയിട്ടുണ്ട്. എന്നാൽ ഈസമയത്ത് വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ടൗണിൽ സ്വകാര്യ വാഹനമിടിച്ച് വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ഈ സമയത്ത് പോസ്റ്റുകൾ പുനസ്ഥാപിക്കാനുള്ള മുഴുവൻ ചിലവും ഇടിച്ച വാഹന ഉടമയിൽ നിന്നാണ് ഈടാക്കിയിരുന്നത്.
ഇതിനു ശേഷമാണ് പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റി സ്ഥാപിച്ചത്. വാഹനങ്ങൾ പോസ്റ്റിൽ ഇടിയ്ക്കുന്പോൾ അവരിൽ നിന്നും തന്നെ ചിലവു സംഖ്യ ഈടാക്കി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുനിയുന്നതെന്നാണ് യാത്രക്കാരുടെ പരാതി.
റോഡിന്റ വീതി കുറവുകാരണം മുന്പ് തമിഴ്നാട് സർക്കാർ ബസ്സിന്റെ അടിയിൽ ഇരുചക്രവാഹനയാത്രക്കാരൻ അകപ്പെട്ടു മരണപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുന്പ് ആശുപത്രി ജംഗ് ഷനിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിൽ പാഞ്ഞു കയറി മൂന്ന് മരണവും പത്തിലേറെ പേർക്ക് അംഗവൈകല്യവും സംഭവിച്ചിട്ടുണ്ട്.
ആശുപത്രി മുതൽ അണിക്കോട് വരെ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി പ്രവർത്തിച്ചു വരികയാണ്. ഇക്കാരണത്താൽ തന്നെ ദിവസേന നിരവധിപേർ വിവിധ ആവശ്യക്കൾക്കായി എത്താറുണ്ട്. വീതി കുറഞ്ഞ റോഡി ൽ വൈദ്യുതി തുണുകൾ യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്.