പോത്താനിക്കാട്: ഊന്നുകൽ-വെങ്ങല്ലൂർ റോഡിലെ അപകട വളവുകൾ നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ശബരിമല-കൊടൈക്കനാൽ (എസ്എച്ച്-44) ഹൈവേയുടെ ഭാഗമായ റോഡിന് റോഡിന്റെ ദൈർഘ്യം 20 കിലോമീറ്ററാണ്. വീതി കുറഞ്ഞ റോഡിൽ കൊടുംവളവുകളാണുള്ളത്. 20 വർഷത്തിനിടെ ഇതുവരെ റീടാർ ചെയ്യാത്ത റോഡിൽ ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും പല സ്ഥലങ്ങളും ഇപ്പോൾ വൻഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
മൂന്നാർ, മറയൂർ, മാങ്കുളം, നെടുങ്കണ്ടം തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളിൽനിന്നും കോട്ടയം, എരുമേലി, പത്തനംതിട്ട, അടൂർ പ്രദേശങ്ങളിലേക്കുമെല്ലാം നിരവധി ബസ് സർവീസുകളുള്ള ഇവിടെ മുള്ളരിങ്ങാട്, വെള്ളക്കയം മേഖലകളിൽനിന്നു തൊടുപുഴയിലേക്ക് ഷട്ടിൽ സർവീസുകളുമുണ്ട്. കൊടുംവളവുകൾ നിവർത്താത്തതുമൂലം ഇവിടെ അപകടങ്ങൾ പതിവാണ്.
വീതി വളരെ കുറഞ്ഞ റോഡിന്റെ പലഭാഗങ്ങളിലും പാർശ്വഭിത്തികളും തകർന്നുകിടക്കുകയുമാണ്. ഊന്നുകല്ലിനും പൈങ്ങോട്ടൂരിനും മധ്യേ വെളിച്ചെണ്ണക്കണ്ടം, മെത്രാൻകൂപ്പ് കവലയിൽ രണ്ടുവർഷമായി തകർന്നുകിടക്കുന്ന പാർശ്വഭിത്തി പുനർനിർമിക്കാത്തതുമൂലം ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. പലവട്ടം അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.