കടുത്തുരുത്തി: വാഹനാപകടങ്ങൾ വർദ്ധിച്ചതോടെ വളവ് നിവർത്താൻ സ്ഥലം നൽകാൻ തയാറാണെന്നറിയിച്ചിട്ടും തുടർ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരാതി. ഏറ്റുമാനൂർ-വൈക്കം റോഡിലെ സ്ഥിരം അപകടവേദിയായ ചിറപ്പുറം വളവിന് സമീപത്തെ വീട്ടുകാരാണ് റോഡിലെ വളവ് നിവർത്തുന്നതിനായി സ്ഥം വിട്ടു നൽകാമെന്ന് അറിയിച്ചത്.
തുടർന്ന് ഇതിനായി വീടിന് മുന്നിലെ രണ്ട് സെന്റിനടുത്തു സ്ഥലം അളന്ന് തിരിച്ചു മാറ്റിയിടുകയും കല്ലിടുകയും ചെയ്തിരുന്നു. സമീപവാസിയായ ബിജുവാണ് സ്ഥലം വിട്ടു നൽകിയതായി ബന്ധുക്കൾ പറഞ്ഞത്. ബിജു വീട് നിർമിച്ചപ്പോൾ റോഡിനോട് ചേർന്നുള്ള ഈ സ്ഥലം നീക്കി വച്ച ശേഷമാണ് ബാക്കി വരുന്ന ഭാഗം മതില് കെട്ടി നിർമിച്ചുകൊണ്ടു വീട് നിർമാണം നടത്തിയത്.
വാഹനാപകടങ്ങളും അപകട മരണങ്ങളും ഇവിടെ പതിവായതോടെയാണ് റോഡിലെ കൊടും വളവാണ് പ്രശ്നകാരണമെന്ന് മനസിലാക്കി ഇതു പരിഹരിക്കാൻ ബിജു സ്ഥലം വിട്ടു നൽകിയതെന്നും ബന്ധുക്കൾ പറഞ്ഞു. ഇതിനായി ബിജു വിട്ടു നൽകിയ സ്ഥലത്ത് സർവേ നടത്തി ബന്ധപ്പെട്ട വകുപ്പിന്റെ നേതൃത്വത്തിൽ കല്ലിട്ട് സ്ഥലം തിരിക്കുയും ചെയ്തിരുന്നായും ഇതു കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും ബിജുവിന്റെ ബന്ധുക്കൾ പറയുന്നു.
റോഡിന്റെ വളവ് നിവർത്തുന്നതുമായി ബന്ധപെട്ട് സ്ഥലം കണ്ടെത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടത്തെ വീട്ടുകാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത വീട്ടുകാർ വളവ് നിവർത്തലിനായി ആവശ്യമായ സ്ഥലം വിട്ടു നൽകാമെന്ന് അറിയിച്ചിരുന്നതായും പറയുന്നു.
എന്നാൽ ഇക്കാര്യത്തിൽ പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും ഇവിടത്തെ താമസക്കാർ പറയുന്നു. കഴിഞ്ഞദിവസം ഇവിടെ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായിരുന്നു. ഇനിയും ഇക്കാര്യത്തിൽ തീരുമാനം വൈകരുതെന്നാണ് അധികാരികളോടുള്ള ഇവിടത്തുകാരുടെ അഭ്യർഥന.