പുല്ലൂർ: മന്ത്രിപുരത്തിനും പുല്ലൂരിനും ഇടയിലുള്ള അപകടവളവുകൾ നേരെയാക്കാനുള്ള പൊതുമരാമത്തുവകുപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയെങ്കിലും ഏറ്റവും കൂടുതൽ അപകടസാധ്യത ഉള്ള ഉരിയച്ചിറവളവ് ഇപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നതിൽ പ്രതിഷേധമുയരുന്നു.
പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിലെ അപകടവളവൊഴിവാക്കികൊണ്ടുള്ള റോഡിനായി 2012 ലാണ് പിഡബ്ല്യുഡി സ്ഥലം അടയാളപ്പെടുത്തിയത്. പുല്ലൂർ എൽപി സ്കൂൾ മുതൽ മന്ത്രിപുരം വരെയുള്ള ഒരു കിലോമീറ്ററാണ് ഏറ്റവും അപകടസാധ്യതയുള്ളതായി കണ്ടെത്തിയിരുന്നത്. തുടർന്ന് റോഡിന്റെ ഇരുവശത്തെയും കൈയേറ്റങ്ങളൊഴിവാക്കി വളവുകൾ തീർക്കാനായിരുന്നു പദ്ധതി.
2016 ഫെബ്രുവരിയിൽ ഇതിനു ഭരണാനുമതി ലഭിക്കുകയും 2017 മേയ് മാസം സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു. പദ്ധതിക്ക് ബജറ്റിൽ സർക്കാർ 1.95 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ വിവാദമായ വില്ലയുടെ മതിലടക്കമുള്ള കൈയേറ്റങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
ഇതുമൂലം നിർമാണപ്രവർത്തനങ്ങൾ വൈകി. പിന്നീട് പൊതുമരാമത്തുവകുപ്പ് ഇടപെട്ട് വിവാദ മതിലിന്റെ ഭാഗങ്ങളടക്കമുള്ളവ പൊളിച്ചുനീക്കിയാണ് റോഡ് വീതികൂട്ടൽ ആരംഭിച്ചത്. പുല്ലൂർ ജംഗ്ഷനിൽ ഒരുവശത്തെ പുറന്പോക്ക് അളന്നുതിട്ടപ്പെടുത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. 26 മീറ്റർ വീതിവരെ ഇവിടെ ലഭിച്ചിട്ടുണ്ട്. സംരക്ഷണഭിത്തിയും കാനയും നടപ്പാതയും നിർമാണത്തിന്റെ അവസാനഘട്ടത്തിലെത്തി. മന്ത്രിപുരത്തും പുല്ലൂരും പണി പൂർത്തിയായി ബിഎംബിസി ടാറിംഗ് നടത്തി.
എന്നാൽ ഉരിയച്ചിറയിലെ ഏറ്റവും അപകടമേറിയ വളവ് ഒഴിവാക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രണ്ടു കോടിയോളം രൂപ ചെലവിട്ട് അപകടവളവ് തീർക്കാനെന്നപേരിൽ പണികൾ പുരോഗമിക്കുന്പോഴും പ്രധാനപ്പെട്ട വളവുതീർക്കാതെ നിർമാണം അവസാനിപ്പിക്കുന്നതിൽ ഏറെ പ്രതിഷേധം ശക്തമാണ്.
നിരവധിപേരുടെ ജീവൻ അപഹരിക്കപ്പെട്ടിട്ടുള്ള ഈ അപകട വളവ് നിവർത്താൻ ഉരിയച്ചിറയുടെ പരിസരത്തുള്ള പുറന്പോക്കും കൈയേറ്റങ്ങളും അളന്നുതിട്ടപ്പെടുത്തുകയും ഉരിയച്ചിറയ്ക്കു മുകളിലൂടെ കോണ്ക്രീറ്റ് പാലം നിർമിച്ച് വളവൊഴിവാക്കുകയും വേണം. ഇതിനുള്ള നടപടികളാണ് അടിയന്തരമായി ചെയ്യേണ്ടത്. അല്ലാതെ പാതിവഴിയിൽ പണി നിർത്തുന്നത് ഒട്ടും ശുഭകരമല്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും അഭിപ്രായം.