ഹരിപ്പാട്: വനവത്കരണ പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിൽ വച്ചുപിടിപ്പിച്ച മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. വനം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായിട്ടാണ് പാതയോരത്ത് തണൽപദ്ധതി നടപ്പാക്കുന്നത്.
മഹാഗണി, സിൽവർഓക്ക്, തേക്ക് ഇലഞ്ഞി, കണിക്കൊന്ന, മണിമരുത്, നീർമരുത്, ആര്യവേപ്പ്, കുന്പിൾ, നെൻമേനി വാക എന്നീ വൃക്ഷങ്ങളാണ് പാതയോരത്ത് കൂടുതലായി വച്ചുപിടിപ്പിക്കുന്നത്. ഈ മരങ്ങളെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ പലതും നിലംപൊത്താവുന്ന നിലയിലുമാണ്. മരങ്ങൾ വൈദ്യുതിലൈനിനു മുകളിലായതിനാൽ ഏതു നിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലും.
വീയപുരം, പായിപ്പാട്, എടത്വ, കരുവാറ്റ എന്നിവിടങ്ങളിൽ മാസങ്ങൾക്കുമുന്പ് വഴിയോരത്തെ മരങ്ങൾ നിലംപതിച്ചിരുന്നു. വളരെ തിരക്കുള്ള ഈ റോഡിൽ സെക്കൻഡുകൾ വ്യത്യാസത്തിലാണ് നിരവധി വാഹനങ്ങൾ കടന്നുപോകുന്നത്. മരങ്ങൾ നിലംപതിച്ചാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ആഴ്ചകളോളം വേണ്ടിവരുന്നു. ഗതാഗതതടസം നീക്കാനാകട്ടെ ദിവസങ്ങളും.
മാത്രമല്ല റവന്യു, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, പോലീസ്, ഫയർഫോഴ്സ്, വൈദ്യുതിവകുപ്പ് എന്നിവയുടെ സംയുക്ത പരിശ്രമംകൊണ്ട് മാത്രമെ പൂർവസ്ഥിതി കൈവരിക്കാനും കഴിയൂ. വീയപുരം, ഹരിപ്പാട്, പള്ളിപ്പാട്, ഡാണാപ്പടി, കാർത്തികപ്പള്ളി, കരുവാറ്റ, കെ.വി. ജെട്ടി, നങ്ങ്യാർകുളങ്ങര, താമല്ലാക്കൽ, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ റോഡരികിൽ നിൽക്കുന്ന തണൽമരങ്ങൾ അപകടഭീതി ഉയർത്തുന്നു. ഇടറോഡുകളിലുള്ള മരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല.
സെക്കൻഡുകളുടെ വ്യത്യാസത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്ക് മരം വീണാൽ വൻ ദുരന്തമുണ്ടാകും. അപകട ഭീഷണി ഉയർത്തിനിൽക്കുന്ന മരങ്ങൾക്കു പകരം ചില കെട്ടിടങ്ങൾക്ക് മറവുണ്ടാക്കുന്ന തണൽ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒത്താശ ചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട്. അപകടസാധ്യതയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.