കൂത്താട്ടുകുളം: റോഡരികിലെ ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു. എംസി റോഡിൽ ഗവ. ആശുപത്രിക്ക് സമീപം നടപ്പാതയിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ ആണു കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്. ദിവസേന നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡരികിലാണ് അപകടഭീഷണിയായി ട്രാർസ്ഫോർമർ നിൽക്കുന്നത്.
ഗവ. ആശുപത്രി, ദേവമാത ആശുപത്രി, ടാക്സി സ്റ്റാൻഡ്, സ്വകാര്യ-കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, കോടതി, തിരുകുടുംബ ദേവാലയം എന്നിവിടങ്ങളിലേക്ക് ദിവസവും നിരവധി ആളുകൾ പോകുന്നത് ഇതിന് മുന്നിലൂടെയാണ്. കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്കിന് സമീപം ഇരുന്ന ട്രാൻസ്ഫോർമറാണ് ഇവിടേയ്ക്കു മാറ്റി സ്ഥാപിച്ചത്.
മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മേരിഗിരി സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ, മേരിഗിരി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ കൂട്ടംകൂടി വരുന്നതും ഈ നടപ്പാതയിലൂടെയാണ്. മഴയത്ത് ട്രാൻസ്ഫോർമറിൽ നിന്നും തീപ്പൊരി വീഴുന്നതും പതിവാണ്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുകയോ കന്പിവേലി നിർമിച്ച് സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.