ബന്തിയോട്: വേളാങ്കണ്ണി തീർഥയാത്രപോയി തിരിച്ചുവരുന്നതിനിടയിൽ സ്കോർപ്പിയോയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുന്പള മണ്ടേക്കാപ്പ് സ്വദേശികളായ കുടുംബത്തിലെ ഏഴു പേർക്കു നാടിന്റെ കണ്ണീർ പ്രണാമം. ഇന്നലെ രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ വൈകിട്ട് മൂന്നോടെ കയ്യാർ ചർച്ച് പരിസരത്തെത്തിച്ചു പൊതുദർശനത്തിനുവച്ചു.
മംഗളൂരുവിൽ ഐവാൻ ഡിസൂസ എംഎൽസി, ജെ.ആർ. ലോബോ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണു മൃതദേഹങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
തുടർന്നു ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ കയ്യാർ ചർച്ച് പരിസരത്തെത്തിച്ചപ്പോൾ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മണ്ടേക്കാപ്പിലെ ഹെറാൾഡ് മൊന്തേരോ (50), ഭാര്യ പ്രസില്ല (42), മകൻ രോഹിത് (22), ഹെറാൾഡിന്റെ സഹോദരൻ സതേറിൻ മൊന്തേരോ (32), മകൾ ഷറോണ (അഞ്ച്), ഹെറാൾഡിന്റെ ഇളയ സഹോദരൻ ആൽവിൻ മൊന്തേരോ (30), സഹോദരൻ ഡെൽസിന്റെ ഭാര്യ റീമ (32) എന്നിവരാണു ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ തമിഴ്നാട് വേളാങ്കണ്ണിക്കടുത്ത് കരൂരിൽ അപകടത്തിൽ മരിച്ചത്. കയ്യാർ പള്ളി വികാരി ഫാ. വിക്ടർ ഡിസൂസ അന്ത്യകർമങ്ങൾക്കു കാർമികത്വം വഹിച്ചു.
ജില്ലാ കളക്്ടർ കെ.ജീവൻ ബാബു, പി.ബി. അബ്ദുൾറസാഖ് എംഎൽഎ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ.ഷെട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ അർഷാദ് വോർക്കാടി, ശ്രീകാന്ത്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സെഡ് എ. കയ്യാർ, പ്രശാന്ത് റൈ, സി.എച്ച്. കുഞ്ഞന്പു, കെ.സുരേന്ദ്രൻ, കെ.പി.സതീഷ് ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി. കൃഷ്ണൻ, വി.വി. രാജൻ, മഞ്ചേശ്വരം തഹസിൽദാർ ശശിധരഷെട്ടി തുടങ്ങി നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്നു മൃതദേഹങ്ങൾ സെമിത്തേരിയിൽ സംസ്്കരിച്ചു.