വെമ്പായം: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട് ആലുന്തറ നീർച്ചാലിൽ വീട്ടിൽ രാഹുൽ (23), നെടുവേലി ഇടുക്കുംതല ഞാറയിൽ വീട്ടിൽ അഭിഷേക് (21) എന്നിവരാണ് മരിച്ചത്.
ഇടുക്കുംതല സ്വദേശി അരുണിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന പാതയിൽ കന്യാകുളങ്ങര പെട്രോൾപമ്പിന് സമീപം ഞായറാഴ്ച രാത്രി 10-നാണ് സംഭവം. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സാക്ഷികൾ പറയുന്നത്.
ബൈക്കുകൾ രണ്ടും കൂട്ടിയിടിച്ച ശേഷം നിയന്ത്രണംവിട്ട് അതുവഴി പോകുകയായിരുന്ന ഒരു ജീപ്പിലേക്ക് ഇടിക്കുകയും ചെയ്തു. തുടർന്ന് ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിലേക്ക് തീ പടർന്നു പിടിക്കുകയും ചെയ്തു.
നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും ഫയർഫോഴ്സ് എത്തുന്നതിനു മുന്നേ തന്നെ സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സ്റ്റിൻഗ്വിഷർ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുക യായിരുന്നു.
പരിസരത്ത് ഏറെ നേരം ഗതാഗത തടസം നേരിട്ടു. തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് യാത്രായോഗ്യം ആക്കിയത്.
വെഞ്ഞാറമൂട് പോലീസ് ജീപ്പിലും ആംബുലൻസിലും ആയിട്ടാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.