കോട്ടയം: പത്തു വർഷത്തിനുള്ളിൽ 12 പേരാണു കോട്ടയം നഗരത്തിൽ വാഹനങ്ങളുടെ അടിയിൽപ്പെട്ട് ദാരുണമായി മരണമടഞ്ഞത്. തിരക്കേറിയ കൊച്ചി നഗരത്തിൽപോലും ഇത്രയേറെ ഉയരത്തിലല്ല മരണനിരക്ക്.
ബസുകളുടെ അമിതവേഗവും അശാസ്ത്രീയ പാർക്കിംഗും നിയന്ത്രിക്കുന്നതിലെ വീഴ്ചയാണ് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നത്.
തിരുനക്കര ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിലാണ് 2019ൽ മകളുടെ കണ്മുന്പിൽ തോട്ടയ്ക്കാട് സ്വദേശിനിയായ വീട്ടമ്മ ബസിനടയിൽപ്പെട്ട് മരിച്ചത്. അതിനു തൊട്ടടുത്ത ദിവസവും സ്റ്റാൻഡിൽ അപകടമുണ്ടായി.
എംസി റോഡ് കടന്ന് സ്റ്റാൻഡിലേക്കു വരുന്ന ബസുകളുടെ അമിതവേഗവും അശാസ്ത്രീയ പാർക്കിംഗുമാണു പരിമിതി. മൂന്നു മിനിറ്റുവരെയാണ് സ്റ്റാൻഡിൽ പാർക്കിംഗിന് സമയം അനുവദിച്ചിരിക്കുന്നതെങ്കിലും സ്റ്റാൻഡിൽ നിന്നിറങ്ങിയശേഷവും ആളെ കയറ്റാൻ നിർത്തിയിടുക പതിവാണ്.
സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ പാർക്കു ചെയ്യുന്ന ബസുകളുടെ മുന്നിലൂടെയും പിന്നിലൂടെയും കുറുകെ കടക്കുന്ന സാഹചര്യമുണ്ട്. ബസ് സ്റ്റാന്റിലേക്ക് അമിത വേഗത്തിൽ വളവു തിരിഞ്ഞു വരുന്ന ബസുകൾക്ക് വേഗനിയന്ത്രണമില്ല. പോസ്റ്റ് ഓഫീസിനു പിന്നിലെ റോഡ് കുറുകെ കടക്കുകയെന്നതും ദുഷ്കരമാണ്.
എംസി റോഡിൽ എസ്എച്ച് മൗണ്ട് മുതൽ നാഗന്പടം വരെ വശം നോക്കാതെയുള്ള ഓവർ ടേക്കിംഗ് പതിവാണ്. നാഗന്പടം മേൽപ്പാലത്തിനു സമീപം വീതി കുറഞ്ഞ പാലത്തോടു ചേർന്നുള്ള വാഹനപരിശോധനയും ദുരിതം സൃഷ്ടിക്കുന്നു. സമയനിയന്ത്രണമില്ലാതെ ടിപ്പറുകളും ടോറസുകളും മരണപ്പാച്ചിൽ നടത്തുന്നതും പതിവാണ്.
ഇത്തരം വലിയ വാഹനങ്ങൾ പരക്കം പായുന്പോൾ കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യുന്നത്.നാഗന്പടം ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലും എയ്ഡ് പോസ്റ്റുണ്ടെങ്കിലും പലപ്പോഴും പോലീസ് സ്റ്റാൻഡിനുള്ളിലേക്ക് കടന്നുനോക്കാറില്ല.
സ്റ്റാൻഡിനുൾവശം നിരത്തു കച്ചവടക്കാർ കൈയടക്കിയിരിക്കുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കാൻ അധികാരികൾ താൽപര്യം കാണിക്കുന്നില്ല. വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾ അന്വേഷിച്ച് യാത്രക്കാർ നെട്ടോട്ടമോടുന്ന സാഹചര്യമാണ് സ്റ്റാൻഡിലുള്ളത്. നഗരത്തിൽ നാലുവരി പാതയുടെ നിർമാണം നടക്കുന്പോൾ ഒരിടത്തും പോലീസിന്റെ സേവനമില്ല.
പൂർത്തിയായാക്കിയ പാതകളിൽ ട്രാഫിക് സിഗ്നലുകളോ നടുവിൽ വരകളോ ഇല്ല.കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പ്രസ് ക്ലബിനു മുന്നിലെ സീബ്രാ ലൈനുകൾ മാഞ്ഞുതുടങ്ങിയതിനാൽ കുറുകെ കടക്കുക ദുഷ്കരമാണ്. കെഎസ്ആർടിസി സ്റ്റാൻഡിലെ കുണ്ടും കുഴിയും നികത്താനും അധികാരികൾക്കാകുന്നില്ല.
ദിവസങ്ങൾക്കു മുന്പാണ് നാഗന്പടം പാലത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ടോറസിനടിയിൽപ്പെട്ടു മരിച്ചത്. അതിനു പിന്നാലെയാണ് തിരുനക്കര റോഡിലേക്കുള്ള ഇടവഴിയിലെ ഇന്നലത്തെ അപകടം.
ഇന്നലത്തെ അപകടത്തിൽ മരിച്ച കാളിരാജയുടെ മകൻ ഇന്നു പുലർച്ചെ കോട്ടയത്തെത്തി. ഇന്നു പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷം സ്വദേശമായ തിരുനൽവേലി യിലേക്ക് മൃതദേഹം കൊണ്ടു പോകും.