പാലക്കാട്: നഗരസഭാപരിധിയിലെ മുഴുവൻ കെട്ടിടങ്ങളും അടിയന്തിരമായി പരിശോധിച്ച് സ്ഥിതി തിട്ടപ്പെടുത്താൻ നിയമ സാംസ്കാരിക പട്ടികജാതി-വർഗമന്ത്രി എ.കെ.ബാലൻ. അപകടസ്ഥലം സന്ദർശിച്ചശേഷം ജില്ലാ ആശുപത്രിയിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നഗരസഭാ അധികൃതർക്ക് നിർദേശം നല്കി.
പ്രവർത്തനയോഗ്യമല്ലാത്ത കെട്ടിടങ്ങൾ ഇനിയും അപകടത്തിന് ഇടവരുത്താതെ ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട് അത്തരം കെട്ടിടം ഉടമകളെ ഉൾപ്പെടുത്തിയുളള യോഗം വിളിക്കാനും നഗരസഭാ അധികൃതരോട് മന്ത്രി നിർദേശിച്ചു. തകർന്ന കെട്ടിടത്തിന്റെ സ്ഥിതി നഗരസഭാ എൻജിനീയറിംഗ് വിഭാഗം ഇന്നുതന്നെ പരിശോധിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദേശിച്ചു.
അനുബന്ധമായി നില്ക്കുന്ന കെട്ടിടങ്ങൾക്ക് ബലക്ഷയമുളളതിനാലും സമീപമുളള പാതയിൽ കാൽനടയാത്രക്കാരും വാഹനഗതാഗതവും സജീവമായി നില്ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മന്ത്രി നിർദേശം പുറപ്പെടുവിച്ചത്. തകർന്ന കെട്ടിടം ഇന്നുമുതൽ പോലീസ് സഹായത്തോടെ സീൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് കെട്ടിടത്തിലെ വ്യാപാരികൾക്കുണ്ടായ നഷ്ടം കണക്കാക്കാൻ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ഭാവിയിൽ തൊഴിൽ ചെയ്യാൻ സാധിക്കാത്തവിധം പരിക്ക് പറ്റിയവർക്ക് സർക്കാർ സഹായം നല്കും.
ശോച്യാവസ്ഥയിൽ തുടരുന്ന പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിന്റെ നവീകരണവേളയിൽ അവിടുത്തെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തിരയോഗം വിളിക്കാൻ ഷാഫി പറന്പിൽ എംഎൽഎയോട് മന്ത്രി നിർദേശിച്ചു.അപകടസ്ഥലത്ത് കൃത്യസമയത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്തനിവാരണസേനയോട് മന്ത്രി നന്ദിപറഞ്ഞു.
പോലീസ്, ഫയർഫോഴ്സ്, റവന്യു ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഏകോപിപ്പിച്ചുളള ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ വൻദുരന്തം ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. അപകടസ്ഥലത്തും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരേയും മന്ത്രി സന്ദർശിച്ചു. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്തി.
ഷാഫി പറന്പിൽ എംഎൽഎ, ജില്ലാ കളക്ടർ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ, റീജണൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ വി.സിന്ധുകുമാർ, ഡിഎംഒ ഡോ. കെ.പി.റീത്ത, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.