കോട്ടയം: തിരുവാതുക്കലിനു സമീപം ബൈപാസ് റോഡിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴേമുക്കാലിനായിരുന്നു അപകടം.
മൂന്നു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയും വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീഴുകയും ചെയ്തതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തിരുവാതുക്കൽ-നാട്ടകം ബൈപാസ് റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പെട്ടെന്നു തന്നെ കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ലൈൻ ഓഫാക്കിയിരുന്നു. വൈദ്യുതി പോസ്റ്റിൽ ഇടിച്ച കാർ സമീപത്തെ പുരയിടത്തിന്റെ മതിൽ തകർത്താണ് നിന്നത്.കാർ യാത്രക്കാരായ സജീഷ്, ഷാഹുൽ മുഹമ്മദ്, ഫിറോസ്, ശശീന്ദ്രൻ, രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈപാസ് റോഡരികിൽ താമസിക്കുന്ന നിസാറിന്റെ വീട്ടിലേക്ക് വന്ന പാലക്കാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.