കൊച്ചി; എളംകുളത്തെ വളവില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെ പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗും മൂലം പതിവായി ബൈക്ക് അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണിത്. ഇവിടുത്തെ മെട്രോ തൂണില്‍ വാഹനങ്ങളിടിച്ചാണ് ഏറെ അപകടങ്ങളും ഉണ്ടായിട്ടുള്ളത്.
കൂടുതലും ഇരുചക്ര വാഹന യാത്രികരാണ് അപകടത്തില്‍പ്പെടുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നു. കടവന്ത്ര കുടുംബി കോളനി നിവാസികളായ വിശാല്‍(25), സുമേഷ്(24) എന്നിവരാണ് കഴിഞ്ഞ മാസം 25നുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇതിനും മുമ്പും നിരവധി അപകടങ്ങളില്‍ യുവാക്കള്‍ മരണപ്പെട്ടിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതി സമരം നടത്തിയതിന്റെ ഭാഗമായി കെഎംആര്‍എല്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മെട്രോ തൂണുകലില് റിഫ്ളക്ടറുകള്‍ പതിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും ഈ ഭാഗത്ത് അപകടങ്ങള്‍ അരങ്ങേറുകയാണ്.
റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളം
പോലീസ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടന്നത് എറണാകുളം ജില്ലയിലാണ്. 2020ല്‍ ജില്ലയില്‍ 3,967 അകടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 1,437 എണ്ണം എറണാകുളം റൂറലിലും 2,530 എണ്ണം സിറ്റിയിലുമാണ് നടന്നിട്ടുള്ളത്.
328 മരണങ്ങളാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. ഭൂരിഭാഗം അപകടങ്ങളും വൈകുന്നേരം ആറിനും ഒൻപതിനും ഇടയിലാണ് നടക്കുന്നത്. ഇതിൽ പലതും ഡ്രൈവറിന്റെ അശ്രദ്ധമൂലമാണെന്നു കണക്കുകള്‍ പറയുന്നു.
കോവിഡിനെത്തുടര്‍ന്ന് മുന്‍ വര്ഷങ്ങളിലേതിനേക്കാള് റോഡ് അപകടങ്ങള്‍ കുറഞ്ഞ വര്‍ഷമായിരുന്നു 2020. 27,877 അപകടങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടന്നപ്പോള്‍ 2,979 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.