കൊല്ലങ്കോട്: വാഹനാപകടങ്ങൾ പതിവായ വടവന്നൂർ-ഉൗട്ടറ എസ് വളവുറോഡിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ പരിഹാരനടപടിയെടുക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഒരുമാസത്തിനിടെ സ്ഥലത്ത് പത്തോളം വാഹനാപകടങ്ങൾ നടന്നു. രണ്ടു സ്വകാര്യബസുകൾ ആര്യവൈദ്യശാല വളവിൽ നിയന്ത്രണംവിട്ട് വയലിലേക്ക് ഇറങ്ങി അപകടമുണ്ടായി.
പിക്കപ്പ് വാൻ എതിരേവന്ന വാഹനത്തിനു വഴിമാറി കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് വീട്ടുമതിലിൽ ഇടിച്ച് ഡ്രൈവർക്കു പരിക്കേറ്റിരുന്നു. ആറുമാസംമുന്പ് കൊല്ലങ്കോട്-പുതുനഗരം പാത വീതികൂട്ടി പുനർനിർമാണം നടത്തിയിരുന്നുവെങ്കിലും റോഡിലുള്ള വളവുകളിൽ യാത്രക്കാർക്കു തിരിച്ചറിയുംവിധം ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ മൂന്നുപേർ അപകടങ്ങളിൽ മരണമടഞ്ഞിരുന്നു.
റോഡ് പുനർനിർമിക്കുന്പോൾ മതിയായ ജാഗ്രതാ ബോർഡുകൾ വയ്ക്കാത്തതാണ് അപകടങ്ങൾക്കു കാരണമായത്. കൊല്ലങ്കോട്-പാലക്കാട് പ്രധാനപാതയായതിനാൽ തുടർച്ചയായി വാഹനസഞ്ചാരമുണ്ട്. അപകടമുണ്ടാകുന്പോൾ സ്ഥലത്തെത്തി പരിശോധന നടത്തി തിരിച്ചുപോകുന്ന അധികൃതർ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾ തുടർക്കഥയാകുന്നതിനു ഇടയാക്കുന്നതെന്നു യാത്രക്കാർ ആരോപിച്ചു.