ചെങ്ങന്നൂർ: താലൂക്ക് ഒാഫീസിലെ ജീവനക്കാരിയെ സിപിഐയുടെ സംഘടനാ നേതാവായ ഉദ്യോഗസ്ഥൻ മാനസികമായി ബുദ്ധിമുട്ടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നടപടി വൈകുന്നതായി പരാതി. തന്റെ ഇഷ്ടത്തിന് വഴങ്ങാതെ വന്ന ജീവനക്കാരിയെ സ്ഥലം മാറ്റിച്ചതായാണ് പരാതി.
മറ്റ് പലരോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും ജീവനക്കാരി പരാതിയിൽ പറയുന്നു. 2019 ജൂലൈയിലാണ് ജീവനക്കാരി ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കു പരാതി നൽകിയത്.
ജീവനക്കാരി നൽകിയ പരാതികൾ തുടർനടപടിക്കു വേണ്ടി ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തുകയും അടിയന്തരമായി ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ താലൂക്ക് അധികൃതർക്ക് ഉത്തരവ് നൽകി.
പരാതിക്കാരി ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ വിശ്രമിക്കുകയാണെന്ന് താലൂക്കിൽ നിന്നും കളക്ടറുടെ ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് അവരുടെ വീട്ടിലെത്തി മൊഴി എടുക്കണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്.
എന്നാൽ താലൂക്ക് ഓഫീസിൽ നിന്നും ജീവനക്കാരിയുടെ വീട്ടിൽ അധികൃതർ പോകാൻ തയ്യാറായിരുന്നില്ല. പിന്നീട് പരാതിക്കാരി കഴിഞ്ഞ മാസം ആറിന് വീട്ടിൽ നിന്നും വാഹനത്തിൽ താലൂക്ക് ഓഫീസിൽ എത്തി മൊഴി നൽകി.
താലൂക്ക് വനിതാ പരാതി പരിഹാര സെൽ ഉണ്ടായിരുന്നിട്ടും പരാതിക്കാരിയോട് ആ വിവരം ഉദ്യോഗസ്ഥർ മറച്ചുവച്ചു. ഇതു സംബന്ധിച്ച് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കുകയും പരാതിയിൽ മേൽ റിപ്പോർട്ട് അയച്ചതും സംഭവം നടന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ്.
ഉദ്യോഗസ്ഥന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നടപടികൾ വൈകിച്ചതെന്ന് ആക്ഷേപമുണ്ട്. പരാതിക്കാരി ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും വിഷയം സംബന്ധിച്ച് ഹർജി നൽകിയിട്ടുണ്ട്.