ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ ഹൈവേയ്ക്ക് അരികിലുള്ള ബാർ ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലുണ്ടായിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമം. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.
രാത്രി ഹൈവേയ്ക്ക് അരികിലുള്ള ബാറിനുമുന്നിൽ കാർ നിർത്തി കാറിലുണ്ടായിരുന്ന യുവതിയുടെ ഭർത്താവും സഹോദരനും ബാറിലേക്ക് പോയ സമയത്താണ് സംഭവമുണ്ടായത്.
കാറിനകത്ത് തനിച്ചായിരുന്ന യുവതിയുടെ അടുത്തേക്ക് ഏതാനും യുവാക്കൾ വന്ന് യുവതിയെ കാറിൽനിന്നും ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചു.
ബാറിൽനിന്നും തിരിച്ചുവന്ന ഭർത്താവും സഹോദരനും ചേർന്ന് തടയാൻ ശ്രമിച്ചപ്പോൾ യുവാക്കൾ ഭർത്താവിനെയും സഹോദരനെയും ആക്രമിച്ചു.
ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ അടിപിടിയും നടന്നു. യുവതി ചാലക്കുടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഏതാനും യുവാക്കളെ പിടികൂടി ചോദ്യം ചെയ്ത് വരുന്നു.