പത്തനംതിട്ട: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിലേക്ക് സംസ്ഥാന പോലീസ് ആരംഭിച്ച ‘അപരാജിത’ പോര്‍ട്ടലിലേക്ക് പരാതി പ്രവാഹം.
ഇന്നലെ രാത്രി വരെ 221 പരാതികള്‍ പോര്‍ട്ടലില്‍ ലഭിച്ചു. പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിക്ക് ഫോണിലൂടെ ലഭിച്ചത് 117 പരാതികള്‍.
ഗാര്‍ഹിക പീഡനം, സ്ത്രീധന തര്‍ക്കങ്ങള്‍ എന്നിവയിലുള്ള പരാതികളാണ് പോര്‍ട്ടലിലൂടെ നല്കാന് നിര്‍ദേശിച്ചിട്ടുള്ളത്.
പോര്‍ട്ടല്‍ മുഖേന ലഭിച്ചിട്ടുള്ള പരാതികളില്‍ ഉടനടി നടപടിയെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പറഞ്ഞു.
നോഡല്‍ ഓഫീസര്‍ ആര്.നിശാന്തിനിക്ക് aparajitha.pol @kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലും 9497999955 എന്ന നമ്പരിലും പരാതികള്‍ അയക്കാം.സ്ത്രീപീഡനങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനങ്ങളും പൊതുവേ വര്‍ധിക്കുന്നുണ്ട്.
ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഏതു പ്രായത്തിലുള്ള വനിതകള്‍ നല്കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്കി അടിയന്തര പരിഹാര നടപടി കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
പുരോഗമന കാലഘട്ടത്തിലും സ്ത്രീകള്‍ ഭര്‍തൃ ഗൃഹങ്ങളില്‍ സ്ത്രീധനത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നതു തികച്ചും അപരിഷ്കൃതമാണ്.
ഇത്തരം ക്രൂരതകള്‍ തടയുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പുരുഷാധിപത്യ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണു സ്ത്രീകളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത്.
ഇവരെ നിലയ്ക്കുനിര്‍ത്തുന്ന തരത്തില്‍ പോലീസ് നടപടിയുണ്ടാകും. അതിക്രമം കാട്ടുന്നവരെ നിയമനടപടികള്‍ക്കു വിധേയരാക്കുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആര്. നിശാന്തിനി പറഞ്ഞു.