സീമ മോഹൻലാൽ
കൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, സ്ത്രീധനം, ഗാര്‍ഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധാനമായ അപരാജിത ഓണ്‍ലൈനിലേക്ക് ഇതുവരെ എത്തിയത് ആറായിരത്തിനടുത്ത് ഫോണ്‍ കോളുകള്‍.
2021 സെപ്റ്റംബറിലാണ് ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. 9497996992 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഈ വര്‍ഷം ഇതുവരെ പരാതികള്‍ സംബന്ധിച്ച 800 ഫോണ്‍കോളുകള്‍ ലഭിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളില്‍നിന്നാണ് പരാതിപ്പെടാന്‍ വിളിക്കുന്നവരില്‍ ഏറെയും.
2021 മുതല്‍ ഇതുവരെ 425 പരാതികളാണ് ഇവന്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 175 സ്ത്രീധന പീഡന പരാതികളും 250 ഗാര്‍ഹിക പീഡന പരാതികളുമാണുള്ളത്. പോലീസിന്റെ തുടര്‍ നടപടികള്‍ ആവശ്യമായ 43 കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
9497996992 ധൈര്യമായി വിളിക്കാം
ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്ട്ടുചെയ്യപ്പെടാറില്ല. സാമൂഹിക സമ്മര്‍ദ്ദമോ, അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളിയുടെ വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ പരാതിക്കാരുടെ ആത്മവിശ്വാസമില്ലായ്മയുമൊക്കെ ഇരയെ പരാതിപ്പെടുന്നതില്നിന്ന് പിന്തിരിപ്പിക്കുന്നു.
ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനമാണ് അപരാജിത ഓണ്‍ലൈന്‍. തിരുവനനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ കണ്ട്രോള് റൂമിലാണ് അപരാജിത ഓണ്‍ലൈന്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂര്‍ സേവനം ലഭ്യമാണ്.
വിദഗ്ധ പരിശീലനം ലഭിച്ച വനിത പോലീസ് ഉദ്യോഗസ്ഥരാണ് അപരാജിത ഓണ്‍ലൈനിലേക്ക് എത്തുന്ന ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത്. വനിതാ സെല്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. പരാതി നല്കുന്ന ആളുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
9497996992 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിനു പുറമേ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും പരാതിപ്പെടാം. വിവിധതരത്തിലുള്ള ഫോണ്‍കോളുകള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ടെങ്കിലും നിയമനടപടി ആവശ്യമായുള്ള പരാതികളില്‍ പ്രാഥമിക പരിശോധന നടത്തി രജിസ്റ്റര്‍ ചെയ്തശേഷം ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് കൈമാറും.
അതിന്മേല് ജില്ലാ പോലീസ് മേധാവിമാര്‍ അടിയന്തര നടപടി സ്വീകരിക്കും. സൈബര്‍ പോലീസ് സ്റ്റേഷന്, സൈബര്‍ സെല്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം തുടങ്ങിയവയുടെ സഹായവും അന്വേഷണത്തിനായി ഉപയോഗിക്കും. ഇവിടെ തീര്‍ന്നില്ല പ്രവര്‍ത്തനങ്ങള്‍.
കുറ്റവാളിയെ തിരിച്ചറിഞ്ഞശേഷം പരാതിക്കാരനെ അറിയിക്കുകയും നിയമപരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.