ന്യൂഡൽഹി: മുൻ ഐഎഎസ് ഓഫീസർ ബിജെപി അംഗത്വം സ്വീകരിച്ചു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അപാരജിത സാരംഗിയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്.
മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ, ഒഡീഷ ബിജെപി സംസ്ഥാന അധ്യക്ഷൻ ബസന്ദ് പാണ്ഡെ, ഒഡീഷയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങൾക്ക് വേണ്ടി വിശാല താത്പര്യം മുൻനിർത്തി പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അപാരജിത പറഞ്ഞു.
നേതാക്കളും ആദർശവുമാണ് തന്നെ ബിജെപിയിലേക്ക് നയിച്ചത്. വികസനം ഉറപ്പുവരുത്തുക മാത്രമല്ല, വേഗത്തിൽ സാധ്യമാക്കി എന്നതാണ് ബിജെപിയുടെ പ്രത്യേകതയെന്നും അവർ പറഞ്ഞു.