ബഹുമുഖ പ്രതിഭയായ അപര്‍ണ ബാലമുരളി മറ്റ് ഭാഷാചിത്രങ്ങളിലേയ്ക്ക് പോവാത്തതിന് കാരണമുണ്ട്! സഹപ്രവര്‍ത്തകനും സുഹൃത്തുമായ ആസിഫ് അലി വെളിപ്പെടുത്തുന്നു

മഹേഷിന്റെ ജിംസിയായി മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് അപര്‍ണാ ബാലമുരളി. ഏറ്റവുമൊടുവില്‍ അഭിനയിച്ച തൃശ്ശിവപേരൂര്‍ ക്ലിപ്തം, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. അഭിനേതാവ് മാത്രമല്ല, മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് അപര്‍ണ ഈ സിനിമയിലൂടെ തെളിയിച്ചതാണ്. ഇപ്പോഴിതാ, തനിക്ക് പ്രിയങ്കരമായ മറ്റൊരു സംഭവം കൂടി അപര്‍ണ വെളിപ്പെടുത്തുന്നു. താനൊരു ഭക്ഷണപ്രിയ കൂടിയാണെന്നാണ് അപര്‍ണ പറയുന്നത്. ഏതൊരു മലയാളിയെയും പോലെ പൊറോട്ടയ്ക്കും ബീഫിനും അടിമയാണ് താനെന്ന് അപര്‍ണ തുറന്നു സമ്മതിക്കുന്നു. ഭക്ഷണകാര്യത്തില്‍ ഫസ്റ്റ് ഓപ്ഷന്‍ എന്നും പൊറോട്ടയ്ക്കും ബീഫിനുമാണെന്ന് സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ അപര്‍ണ വെളിപ്പെടുത്തി.

ആസിഫ് അലിയ്ക്കും സണ്‍ഡേ ഹോളിഡേ സംവിധായകന്‍ ജിസ് ജോയിയ്ക്കും ഒപ്പമാണ് അപര്‍ണ ചാറ്റ് ഷോയില്‍ പങ്കെടുത്തത്. ഇതിനിടയില്‍ അപര്‍ണയുടെ പെറോട്ട-ബീഫ് സ്‌നേഹത്തെ ട്രോളാനും ആസിഫ് മറന്നില്ല. അപര്‍ണ ഒറ്റയടിക്ക് നാലു പൊറോട്ട വരെ കഴിക്കുമെന്ന് ആസിഫ് തമാശയോടെ പറയുന്നു. എന്നാല്‍ അത്രയ്‌ക്കൊന്നും പോകില്ലെന്നും എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടത് പൊറോട്ടയും ബീഫും തന്നെയാണെന്ന് അപര്‍ണ കുസൃതിചിരിയോടെ സമ്മതിക്കുന്നു. മലയാളം വിട്ട്, അപര്‍ണ മറ്റു ഭാഷചിത്രങ്ങളിലേക്ക് പോകാത്തതിന്റെ കാരണം ബീഫ് ആണെന്നും ആസിഫ് വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ പോയി ബീഫ് സ്‌നേഹത്തെക്കുറിച്ച് പറഞ്ഞാല്‍, തല്ലു കൊള്ളുമെന്ന ഭയം കൊണ്ടാണ്, അപര്‍ണ മലയാള സിനിമയില്‍ മാത്രം അഭിനയിക്കുന്നതെന്നും ആസിഫ് പറയുന്നു.

 

Related posts