നടി അപർണ ബാലമുരളിയോടുള്ള വിദ്യാർഥിയുടെ മോശം പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളേജ് യൂണിയൻ.
കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിലായിരുന്നു നടിക്കു നേരെ ഒരു വിദ്യാർഥിയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായത്.
എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്.
സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നതെന്നും കുറിപ്പിൽ പറയുന്നു.
തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപർണയുടക്കമുള്ള അണിയറ പ്രവർത്തകർ ലോ കോളജിലെത്തിയത്.
നടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
നടി അപ്പോൾ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.