കൊച്ചി: എറണാകുളം ലോ കോളജിൽ ഒരു വിദ്യാർഥിയിൽനിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി.
പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കൈയിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസിലാക്കിയില്ലെന്നതു ഗുരുതരമാണ്.
കൈയിൽ പിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ തോളിൽവച്ചു ചേർത്തുനിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല.
ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം.എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി -അപർണ പറഞ്ഞു.
സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. അപർണയോടു വിദ്യാർഥി മോശമായി പെരുമാറിയതിൽ ലോ കോളജ് യൂണിയൻ സംഭവസമയത്തു തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.