പന്മന: കോളേജ് വിദ്യാർഥിനിയായിരുന്ന മകളുടെ മരണത്തില്‍ നീതി തേടി ഒരു കുടുംബം പ്രതിഷേധിക്കാനൊരുങ്ങുന്നു. പന്മന വടക്കുംതല പൂവണ്ണാല്‍ തെക്കതില്‍ മോഹനന്പിളളയുടെയും അഞ്ജനയുടെയും മകള്‍ അപര്ണാമോഹന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യമുമായിയാണ് രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ചവറ ബേബിജോണ്‍ സ്മാരക സര്‍ക്കാര്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അപര്‍ണാ മോഹനന് കഴിഞ്ഞ ഫെബ്രുവരി 15- ന് കായംകുളത്ത് ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു.
സിഎ പഠനം സ്വപ്നം കണ്ട മകളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും കായംകുളം പോലീസ് അതിന് തയാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഒരിയ്ക്കലും ക്ലാസില്‍ മുടക്കം വരാത്ത മകള്‍ രാവിലെ കോളേജില്‍ വന്ന് ക്ലാസില്‍ ഇരുന്നിട്ടും ഉച്ചയ്ക്ക് രണ്ടിന് ശേഷവും ക്ലാസില്‍ കാണാത്തതെന്തെന്ന് അന്വേഷിക്കാനോ വിവരം വീട്ടില്‍ വിളിച്ചറിയിക്കാനോ കോളേജധികൃതര്‍ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു.
സംഭവ ദിവസം ഉച്ചയ്ക്ക് കോളേജില്‍ വെച്ച് മകളോടൊപ്പം പഠിക്കുന്ന ആണ് സുഹൃത്ത് മകളെ കാരണമില്ലാതെ കൂട്ടുകാരുടെ മുന്നില്‍ വെച്ച് തല്ലുകയും ചെയ്തതായി അറിഞ്ഞതായി രക്ഷിതാക്കൾ പറഞ്ഞു.
എന്നാല്‍ ഈ സുഹൃത്തിനെ പറ്റി അന്വേഷിക്കാനൊ ഫോണ്‍കോള്‍ പരിശോധിക്കാനോ പോലീസ് തയാറാകാത്തത് ഭരണ സ്വാധിനം ഉപയോഗിച്ച് മകളുടെ മരണത്തിനുത്തരവാദിയായവരെ രക്ഷിക്കുകയാണെന്നാണ് അപര്‍ണയുടെ രക്ഷിതാക്കള്‍ പറയുന്നത്.
മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനുളള തയാറെടുപ്പിലാണ് ഈ കുടുംബം.
ലോക്ക് ഡൗണായതിനാലാണ് കേസുമായി മുന്നോട്ട് പോകാത്തതെന്ന് ഇവര്‍ പറയുന്നു.
പോലീസില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ട മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം നടത്താനാണ് മോഹനന്പിളളയുടെയും അഞ്ജനയുടെയും തീരുമാനം.