മാവേലിക്കര: വിവാഹമണ്ഡപത്തിൽ നിന്നു പരീക്ഷാ ഹാളിലേക്ക് അപർണ വേഗത്തിലാണ് എത്തിയത്.
കൃത്യസമയത്തു കോളജിലെത്തി ആൾജിബ്ര പരീക്ഷയെഴുതി, പ്രിയതമയെ കാത്തു നവവരൻ ഉണ്ണികൃഷ്ണൻ കോളജ് വളപ്പിൽ കാത്തിരുന്നു.
വള്ളികുന്നം പുത്തൻചന്ത പനച്ചൂർ കിഴക്കതിൽ കെ.അനിൽകുമാറിന്റെയും സിന്ധുവിന്റെയും മകളായ എസ്.അപർണ ആണു വിവാഹത്തിനു തൊട്ടുപിന്നാലെ മാവേലിക്കര ബിഷപ് മൂർ കോളജിലെത്തി ബിഎസ്സി മാത്തമാറ്റിക്സ് അഞ്ചാം സെമസ്റ്റർ പരീക്ഷയെഴുതിയത്.
ഇന്നലെ ഉച്ചയ്ക്കു 12.05നും 12.20നും മധ്യേയുള്ള മുഹൂർത്തിൽ ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ വച്ചാണു ചെങ്ങന്നൂർ പെരിങ്ങലിപ്പുറം മുഴങ്ങോടിയിൽ വിജയൻപിള്ളയുടെയും മിനിയുടെയും മകൻ ഉണ്ണികൃഷ്ണൻനായർ അപർണയുടെ കഴുത്തിൽ താലി ചാർത്തിയത്.
അപർണയും ഉണ്ണികൃഷ്ണൻനായരും ഏതാനം ബന്ധുക്കൾക്കൊപ്പമാണു കോളജിലെത്തിയത്. വിവാഹ വേഷത്തിൽ തന്നെ കോളജിലെത്തിയ അപർണ പരീക്ഷയെഴുതി.
നന്നായി പരീക്ഷയെഴുതാൻ സാധിച്ചതായി അപർണ പറഞ്ഞു. അപർണ നാളെ നടക്കുന്ന അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പിലുമാണ്.