സ്വന്തം ലേഖകൻ
തൃശൂർ: വിജയപൗർണമി അപൂർണമായി, അപർണയില്ലാത്തതിനാൽ… തൃശൂർ ഹോളിഫാമിലി കോണ്വെന്റ് ഗേൾസ് ഹൈസ്കൂളിന് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്കു നൂറുശതമാനം വിജയം ഇല്ലാതെപോകുന്നത് അവരുടെ പ്രിയങ്കരിയായ അപർണ എന്ന കൊച്ചുമിടുക്കിയുടെ അപ്രതീക്ഷിതമായ വേർപാട് മൂലമാണ്.
എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞതിനുശേഷമാണ് അസുഖബാധിതയായി അപർണ ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. രണ്ടു മോഡൽ പരീക്ഷകളിലും അപർണ എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് നേടിയിരുന്നു.
മോഡൽ പരീക്ഷയുടെ മാർക്കുകളുമായി ആശുപത്രിയിൽ തന്നെ കാണാനെത്തിയ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ഫിനോട് അപർണ പറഞ്ഞു – ഇവിടെ നിന്നു വേഗം വരണമെനിക്ക്, പരീക്ഷ എഴുതി ഫുൾ മാർക്ക് വാങ്ങണം…..
പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി…
ഹോളിഫാമിലി സ്കൂളിനും അപർണയുടെ സഹപാഠികൾക്കും ആ വേർപാട് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.
എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കുമുൻപായിരുന്നു അപ്രതീക്ഷിതമായ വേർപാട്. പരീക്ഷയെഴുതുന്ന കുട്ടികളുടെ രജിസ്ട്രേഷനടക്കം അപ്പോഴേക്കും കഴിഞ്ഞിരുന്നു.
അപർണയുടെ രജിസ്ട്രേഷൻ റദ്ദാക്കിയില്ലെങ്കിൽ ഇത്തവണ സ്കൂളിന് നൂറു ശതമാനം വിജയം ഒൗദ്യോഗികമായി കിട്ടില്ലെന്ന് സ്കൂൾ അധികൃതർക്ക് അറിയാമായിരുന്നു.
എന്നാൽ അപർണയുടെ പേരു വെട്ടിനീക്കാൻ ഹോളിഫാമിലിയിലെ ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല. അവളുടെ പേരില്ലാതെ നൂറുശതമാനം വിജയം ആഘോഷിച്ചിട്ടെന്തിന് എന്നാണ് എല്ലാവരും ചോദിച്ചത്.
ഉള്ളു തേങ്ങിക്കൊണ്ടാണ് അപർണയില്ലാത്ത പരീക്ഷാഹാളിലേക്കു കൂട്ടുകാരികൾ പരീക്ഷയെഴുതാനെത്തിയത്.
അവളുടെ രജിസ്റ്റർ നന്പറെഴുതിയ ഡെസ്കിലേക്കു നോക്കി കൂട്ടുകാരികളും ടീച്ചർമാരും അവൾക്കുവേണ്ടി പ്രാർത്ഥിച്ചു.
ഇന്നലെ പരീക്ഷാഫലം വന്നപ്പോൾ പരീക്ഷയെഴുതിയ 351 കുട്ടികളും വിജയിച്ചു. 241 പേർക്ക് ഫുൾ എ പ്ലസ്.
പട്ടിക്കാട് ചെറിയ ഹോട്ടൽ നടത്തുന്ന ദന്പതികളുടെ രണ്ടു മക്കളിൽ ഇളയവളായിരുന്നു മുക്കാട്ടുകര മാടശേരി വീട്ടിൽ എം.അപർണ.
ഏഴാംക്ലാസു വരെ മുക്കാട്ടുകര സെന്റ് ജോർജ് എൽപിഎസിൽ പഠിച്ച അപർണ എട്ടാം ക്ലാസിലാണ് ഹോളിഫാമിലിയിൽ ചേരുന്നത്. ഇടയ്ക്കിടെ വന്നിരുന്ന വയറുവേദന ഒടുവിൽ അവളുടെ മരണത്തിലേക്ക് എത്തിച്ച ഗുരുതര രോഗമായി മാറുകയായിരുന്നു.
അവസാന മോഡൽ പരീക്ഷാദിവസം വയറുവേദനയും ഛർദ്ദിയും മൂലം വയ്യാതായ അപർണയോട് പരീക്ഷ എഴുതണമെന്നില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞെങ്കിലും പരീക്ഷ എഴുതിക്കഴിഞ്ഞുതന്നെയാണ് അവൾ ആശുപത്രിയിൽ അഡ്മിറ്റായത്.
അവളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരുപാട് സന്തോഷത്തോടെ ഇവിടെയൊക്കെ ഓടിനടന്നേനെ… ഇത്തവണത്തെ വിജയം സന്തോഷം തരുന്നുണ്ടെങ്കിലും ഞങ്ങളുടെ അപർണയില്ലാത്തതിന്റെ വിഷമം തീരാവേദന തന്നെയാണ്.
അവളുടെ വീട്ടുകാരും ഇപ്പോൾ മനമുരുകി കരയുന്നുണ്ടാകും. അവരെ വിളിച്ച് ആശ്വസിപ്പിക്കണം – ഹോളിഫാമിലി സിജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ഫിൻ കരച്ചിലടക്കിക്കൊണ്ട് പറഞ്ഞു.