തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽ ചലച്ചിത്രതാരം അപർണ ബാലമുരളിക്ക് ഒരു വിദ്യാർഥിയിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി.
താരത്തിനെതിരെ മോശം പെരുമാറ്റം ഉണ്ടായപ്പോൾ സദസിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി എന്ന് പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.
വീഡിയോ കാണാൻ വൈകിയതിനാലാണ് പോസ്റ്റ് വൈകിയത് എന്നും ശ്രീമതി കുറിച്ചു.ചടങ്ങിൽ വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വച്ച് കഴുത്തിലൂടെ കൈയി ടാൻ ആർക്കെങ്കിലും ധൈര്യം വരുമോ?
പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ? കോളജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ അപർണ അത്ഭുതപ്പെടുത്തുന്ന ആത്മസംയമനത്തോടെയും ഔചിത്യ ബോധത്തോടെയുമാണ് നിലപാടെടുത്തത്.
ശക്തമായി പ്രതികരിക്കാൻ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപർണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്. എന്നാൽ സദസിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി.
ഒന്ന് വിളിച്ച് താക്കീത് ചെയ്യാനെങ്കിലും ഒരാൾക്കും തോന്നിയില്ല എന്നത് സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്.
എന്നുമാത്രമല്ല പുരാണത്തിലെ പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓർമിപ്പിക്കുകയും ചെയ്യുന്നു. അപർണ ബാലമുരളിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനമാണ്- പി.കെ.ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.