പുതുക്കാട് : കഞ്ഞികുടിക്കാൻ ഗതിയില്ലാത്ത കുടുംബത്തിന് ലഭിച്ചത് സന്പന്നർക്ക് നൽകുന്ന റേഷൻ കാർഡ്. വൃദ്ധ ദന്പതികളും മനോരോഗികളായ മക്കളും അടങ്ങുന്ന ഒന്‍പതംഗ കുടുംബത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. പുതുക്കാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന എണ്‍പത്തിമൂന്നുകാരിയായ തുറവിൽ വീട്ടിൽ ജാനകിയും കുടുംബവുമാണ് റേഷനും ചികിത്സാ ആനുകൂല്യങ്ങളും കിട്ടാതെ ദുരിതത്തിലാവുന്നത്.
റേഷൻ മുൻഗണന ലഭിക്കുന്നതിന് അർഹരായ ഈ കുടുംബം ഇപ്പോൾ എപിഎൽ വിഭാഗത്തിൽപ്പെട്ടിരിക്കുകയാണ്. പുതിയതായി ലഭിച്ച വെള്ള നിറത്തിലുള്ള റേഷൻ കാർഡ് ഈ നിർധന കുടുംബത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്. ജാനകിയും ഭർത്താവ് കറപ്പനും നിത്യരോഗികളാണ്. വിവാഹം കഴിയാത്ത രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും വിധവയായ മറ്റൊരു മകളും പേരക്കുട്ടികളും ഈ കൂരക്കുള്ളിലാണ് അന്തിയുറങ്ങുന്നത്.
ഇതിൽ ആണ്മക്കളായ പരമനും മണിയും മാനസിക രോഗത്തിന് ചികിത്സ തേടുന്നവരാണ്. വയോധികരായ മാതാപിതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരുകളാണ് റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പരമനെ പെൻഷണർ ആയിട്ടാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. റേഷൻ ആനുകൂല്യങ്ങളും മരുന്നും സൗജന്യ ചികിൽസയും ലഭിച്ചിരുന്ന പട്ടികജാതിയിൽപെട്ട നിർധന കുടുംബമാണ് ഉദ്യോഗസ്ഥരുടെ കാരുണ്യത്താൽ ഒറ്റ രാത്രി കൊണ്ട് സന്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചത്.
ഇതോടെ പടിഞ്ഞാറെക്കോട്ടയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മക്കൾക്ക് ലഭിച്ചിരുന്ന ചികിത്സയും മരുന്നും ഇല്ലാതായി.തുടർ ചികിത്സക്കും നിത്യജീവിതത്തിനും വഴികാണാതെ വലയുകയാണ് ഈ കുടുംബം. വാർഡ് മെന്പർ മുരളി മഠത്തിൽ ഇവർക്ക് വേണ്ടി കഴിഞ്ഞ ദിവസം താലൂക്ക് സപ്ലേ ഓഫീസിൽ പരാതിയുമായി പോയിരുന്നുവെങ്കിലും സെപ്റ്റംബർ മാസത്തിൽ മാത്രമേ റേഷൻ കാർഡ് തിരുത്തൽ നടക്കുകയുള്ളുവെന്ന മറുപടിയാണ് അധികൃതർ അറിയിച്ചത്.
നാല് സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകിയ വീട്ടിലാണ് ഇവരുടെ താമസം. സുമനസുകളുടെ സഹായകൊണ്ടാണ് ഇവർ പട്ടിണി മാറ്റുന്നതും. ഇന്നലെ വരെ കിട്ടിയിരുന്ന സർക്കാരിന്റെ സഹായങ്ങൾ ഇല്ലാതായപ്പോൾ ജീവിക്കാൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ജാനകിയും മക്കളും. ഉദ്യോഗസ്ഥർ പറഞ്ഞ കാലാവധിക്കുള്ളിൽ തെറ്റ് തിരുത്തി റേഷൻ കാർഡ് കിട്ടുമെന്ന പ്രതീക്ഷയിൽ മൂന്ന് മാസം വരെ അരവയർ മുറുക്കി കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.