കൊച്ചി: ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരാണെന്നു സര്‍ക്കാര്‍ ധരിക്കരുതെന്നു ഹൈക്കോടതി.എപിഎല്‍ (ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള) വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡനന്തര രോഗചികിത്സയ്ക്കു പ്രതിദിനം 750 രൂപ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
എപിഎല്‍ വിഭാഗത്തില്‍പെടുന്ന സാധാരണക്കാരെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നോയെന്ന് ചോദിച്ച ഡിവിഷന് ബെഞ്ച് ഇവരില്‍നിന്ന് 750 രൂപ ദിനംപ്രതി ചികിത്സയ്ക്ക് ഈടാക്കുന്നത് പുനഃപരിശോധിക്കണമെന്നു വാക്കാല്‍ നിർദേശിച്ചു.
കോവിഡ് ചികിത്സയ്ക്ക് നിശ്ചയിച്ച നിരക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ റിവ്യു ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോവിഡനന്തര ചികിത്സാനിരക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കോവിഡ് നെഗറ്റീവായി ഒരുമാസം കഴിഞ്ഞുള്ള മരണവും കോവിഡ് മരണമായി കണക്കാക്കുമ്പോള്‍ ഇക്കാലയളവിലുള്ള കോവിഡനന്തര രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് നിരക്കില്‍ ചികിത്സ നല്കാനാവാത്തത് എന്തുകൊണ്ടെന്ന് ഡിവിഷന് ബെഞ്ച് ആവർത്തിച്ചു ചോദിച്ചു.
വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപവരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി കോവിഡനന്തര രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു.
മൂന്നു ലക്ഷത്തിനുമേല്‍ ഒരു രൂപ കൂടുതലുള്ള ഒരാളില്‍നിന്ന് പ്രതിമാസം 25,000 രൂപ കോവിഡനന്തര ചികിത്സയ്ക്ക് വാങ്ങിയാല്‍ പിന്നെയെന്ത് അവർക്കു ബാക്കിയുണ്ടാവുമെന്ന് കോടതി ചോദിച്ചു. പൊതുജനങ്ങളുടെ കാഴ്ചപ്പാടിലാണ് ഇക്കാര്യം പറയുന്നതെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ഇതു നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഹൈക്കോടതിയുടെ അഭിപ്രായത്തെക്കുറിച്ചു വിശദീകരണം നൽകണമെന്ന നിര്‍ദേശത്തോടെ ഹര്‍ജി ഒക്ടോബര്‍ 27ലേക്കു മാറ്റി.