പാലക്കാട്: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി വരവേൽക്കാൻ ഒരുങ്ങുകയാണ് അപ്നാഘർ. തൊഴിൽ വകുപ്പ് ഭവനം ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ 8.5 കോടി ചെലവിൽ കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്കിൽ 620 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കായി പണിതുയർത്തിയത്.
ദേശീയതലത്തിൽ തന്നെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആദ്യമായി പണികഴിപ്പിച്ച അപ്നാഘർ സംസ്ഥാന മന്ത്രി സഭയുടെ ആയിരം ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് 23 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളികൾക്ക് തുറന്നു നൽകും.
ജില്ലയിലും പരിസരത്തുമായി ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് തൊഴിൽ വകുപ്പ് കഞ്ചിക്കോട് കിൻഫ്ര ഐ.ഐ.ടി.പി പാർക്കിൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹോസ്റ്റൽ പണി പൂർത്തീകരിച്ചത്. 44000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന്് ബ്ലോക്കുകളിലായി നാല് നിലകളിലാണ് കെട്ടിടം പണി കഴിപ്പിച്ചത്.
ഒരു മുറിയിൽ 10 പേർക്ക് വീതം കഴിയാവുന്ന 62 മുറികളിലായി 620 പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാണ്. കെട്ടിടത്തിന്റെ രണ്ടാം ബ്ലോക്കിലെ നാല് നിലകളിലായി 32 അടുക്കള, എട്ട് ഉൗണുമുറി, 96 ശുചിമുറികൾ, പ്രത്യേക യുറിനൽസ്, കുളിക്കാൻ സൗകര്യങ്ങൾ, ബാത്ത് ഷവർ, വസ്ത്രം അലക്കാനും ഉണക്കാനും സൗകര്യം, വിശ്രമ സ്ഥലങ്ങളോടൊപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനവും അപ്നാഘറിൽ ഒരുക്കിയിട്ടുണ്ട്.