കൂറ്റനാട്: വടക്കുകിഴക്കൻ ചൈനയിലും ജപ്പാനിലും പ്രജനനം നടത്തുന്ന ചാരത്തലയൻ തിത്തിരി എന്ന പക്ഷി തൃത്താലയിൽ ഭാരത പുഴയോട് ചേർന്ന ചതുപ്പുനിലത്ത് ദേശാടകനായി എത്തി. ഇംഗ്ലീഷിൽ ഗ്രേ ഹെഡഡ് ലാപ്പ് വിങ്ങ് എന്നുപേരുള്ള ഈ പക്ഷി തണുപ്പുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലേക്കും കന്പോഡിയ വടക്ക് കിഴക്കേ ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു.
ഈ പക്ഷി ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇതോടൊപ്പം കേരളത്തിൽ അപൂർവമായി എത്തുന്നു. തൃത്താല ഭാരതപുഴയോട് ചേർന്ന ചതുപ്പ് മേഖലയിൽ ഈ പക്ഷിയെ ആദ്യമായാണ് കാണുന്നത്. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും.
പക്ഷിയുടെ കഴുത്തും തലയും ചാരനിറമാണ്. കാലുകളും കൊക്കും മഞ്ഞനിറമാണ്. പുറംഭാഗം തവിട്ടുനിറവുമാണ്. വയർഭാഗം വെള്ളനിറവും കുറുകെ കറുത്തവരയുമുണ്ട്. 34 മുതൽ 37 വരെ സെൻറീമീറ്റർ നീളമുള്ള ഈ പക്ഷി ചതുപ്പുനിലങ്ങളിൽ കീടങ്ങൾ, പുഴുക്കൾ, പ്രാണികൾ എന്നിവയുൾപ്പെടെ ചെറുജീവികളെ ഭക്ഷണമാക്കുകയും ചെയ്യുന്നു.
ചാരത്തലയൻ തിത്തിരിയുടെ ബന്ധുക്കളായ ചെങ്കണ്ണി തിത്തിരി ജില്ലയിൽ മിക്കയിടത്തും കാണപ്പെടുന്ന പക്ഷിയാണ് അത്രയധികം ഇല്ലെങ്കിലും മറ്റൊരു ബന്ധുവായ മഞ്ഞക്കണ്ണി തിത്തിരിയേയും ജില്ലയിൽ പലഭാഗത്തും കാണാം.