കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം നിലച്ചു. അനീഷ്യയുടെ വീട്ടിൽ എത്തി ബന്ധുക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത് ഒഴിച്ചാൽ അന്വേഷണത്തിൽ ഒരു പുരോഗതിയിലും ഇല്ലാത്ത അവസ്ഥയാണ്.
ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ പോലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് അനീഷ്യയുടെ കുടുംബം.
അതേസമയം ഈ കേസ് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനോ സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കുന്നതിന് ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് കേരള ജുഡീഷൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ പരാതി നൽകി.
ഇപ്പോൾ പോലീസ് നടത്തുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ല. ആരോപണ വിധേയരുമായി പോലീസിന് അടുപ്പമുണ്ട്. നിഷ്പക്ഷമായ അന്വേഷണം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകില്ലന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന വകുപ്പുതല അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത് ജനുവരി 23നായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസ് (ഹെഡ്ക്വാർട്ടേഴ്സ്) കെ. ഷീബയ്ക്കായിരുന്നു അന്വേഷണ ചുമതല. 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പരവൂർ ബാർ അസോസിയേഷൻ ഹാളിൽനിന്ന് ബന്ധപ്പെട്ടവരിൽ നിന്നെല്ലാം മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഹൈക്കോടതി രജിസ്ട്രാറിന്റെ അനുമതി വാങ്ങി മജിസ്ട്രേറ്റുമാരിൽ നിന്നും മൊഴികൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് കൈമാറി എന്നാണ് സൂചന. റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച സൂചനകൾ ഒന്നുമില്ല.
അനീഷ്യ ജീവനോടുക്കിയത് ജനുവരി 21നാണ് . പരവൂർ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. 24ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചും അസ്വാഭാവിക മരണം എന്ന വകുപ്പിൽ തന്നെയാണ് അന്വേഷണം തുടങ്ങിയത്.
അനീഷ്യയുടെ വാട്സാപ്പ് സന്ദേശങ്ങളും ഡയറികുറിപ്പുകളും പരവൂർ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഫലം വന്ന ശേഷമേ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഇന്ന് ഒരു മാസം തികഞ്ഞു. അനീഷ്യയുടെ ബന്ധുക്കൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസിൽ ആത്മഹത്യാ പ്രേരണാകുറ്റം കൂടി ചേർക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന് ആശയക്കുഴപ്പമുണ്ട്.
ഇത് ദുരീകരിക്കുന്നതിന് ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നിയമോപദേശം തേടിയെന്നാണ് ഒടുവിലത്തെ വിവരം.