സ്വന്തം ലേഖകൻ
തൃശൂർ: പാസ്പോർട്ട് അപേക്ഷകരുടെ പോലീസ് വെരിഫിക്കേഷൻ വേഗത്തിലാക്കാൻ തൃശൂരിലെ പോലീസുകാർ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാന പോലീസ് സേനയിൽ നടപ്പാക്കുന്നു. പുതിയ വിദ്യയോടെ, പാസ്പോർട്ട് അപേക്ഷകരെക്കുറിച്ചു പോലീസ് നടത്തുന്ന അന്വേഷണം പൂർണമായും ഡിജിറ്റൽ രൂപത്തിലാകും. അന്വേഷണ റിപ്പോർട്ടുകൾ കടലാസ് രഹിതവുമാകും.
ആദ്യഘട്ടത്തിൽ തൃശൂർ റൂറൽ ജില്ലയിലെ മാള പോലീസ് സ്റ്റേഷനിലും സിറ്റി പോലീസിനു കീഴിലുള്ള ഗുരുവായൂർ പോലീസ് സ്റ്റേഷനിലുമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഇവിഐപി എന്ന പേരിലുള്ള ഈ വിദ്യയുടെ പൂർണ പേര് ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇന്റർഫേസ് ഫോർ പാസ്പോർട്ട് ആപ്ലിക്കേഷൻസ്. പാസ്പോർട്ട് വെരിഫിക്കേഷൻ മൊബൈൽ ഫോണ് മുഖേന അതിവേഗത്തിലാക്കാവുന്ന ഈ വിദ്യയുടെ ഉദ്ഘാടനം നാളെ തൃശൂർ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടക്കും.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പോലീസ് സേനാംഗങ്ങളുടെ ജോലിഭാരം കുറയും. നിലവിൽ ഓരോ ദിവസവും പാസ്പോർട്ട് റീജണൽ ഓഫീസിലെത്തുന്ന അപേക്ഷകൾ പോലീസുകാർ ശേഖരിച്ചു ജില്ലാ പോലീസ് ഓഫീസിൽ എത്തിച്ചു ഓരോ പോലീസ് സ്റ്റേഷനിലേക്കുമായി തരംതിരിച്ച് എത്തിക്കുകയാണു പതിവ്. തുടർന്നാണ് അന്വേഷണം നടത്തുക.
പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ഇലക്ട്രോണിക് രൂപത്തിൽ ജില്ലാ പോലീസ് ഓഫീസിലേക്കു ലഭിക്കും. ഇവ ഇവിഐപി വിദ്യ ഉപയോഗിച്ച് തരംതിരിച്ച് ഇലക്ട്രോണിക് രൂപത്തിൽതന്നെ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിലേക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്കും നൽകും. അന്വേഷണം പൂർത്തിയാക്കി മൊബൈൽ ഫോണിലൂടെതന്നെ അന്വേഷണ റിപ്പോർട്ട് തിരിച്ചയയ്ക്കാം. ഇക്കാര്യങ്ങൾ ചെയ്യുന്നതിനു പോലീസുകാർക്കു പരിശീലനം നൽകും.
പാസ്പോർട്ട് അപേക്ഷകനെതിരേ സംസ്ഥാനത്ത് ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിൽ സംവിധാനമുണ്ട്. ഈ നിരീക്ഷണംകൂടി പൂർത്തിയാക്കിയശേഷമാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കുക. വിദേശത്തോ അന്യസംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്നവരാണെങ്കിൽ ആ സ്ഥലങ്ങളിലും അന്വേഷണം നടത്തും.
പുതിയ ആപ്ലിക്കേഷനു പിന്നിൽ തൃശൂരിലെ മിടുക്കർ
സ്വന്തം ലേഖകൻ
തൃശൂർ: പാസ്പോർട്ട് അപേക്ഷകർക്കെതിരേ ക്രിമിനൽ കേസുണ്ടോയെന്ന് അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാനുള്ള പോലീസിന്റെ നടപടികൾ ലളിതവും വേഗത്തിലുമാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത് തൃശൂരിലെ മിടുക്കരായ പോലീസുകാർ.
\
തൃശൂർ റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് പോലീസിലെ റൈറ്ററും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ കെ. സന്തോഷ്കുമാർ, സിപിഒമാരായ ബിനു ഗോപിനാഥ്, മിന്റോ ഫ്രാൻസിസ്, തൃശൂർ സിറ്റി ഡിസിആർബിയിലെ സീനിയർ പോലീസ് ഓഫീസർ ഫീസ്റ്റോ, സിപിഒ ശ്രീരാഗ് എന്നിവരാണ് പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കാൻ അണിയറയിൽ പ്രവർത്തിച്ചവർ.
പാസ്പോർട്ടിന് അപേക്ഷ നൽകിയവരുടെ വിവരങ്ങൾ അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിലെ പോലീസുകാർക്കാണു ചുമതല. തൃശൂർ ജില്ലയിലെ അപേക്ഷകരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെ നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ടു നൽകാൻ പ്രയാസമായി. മൊബൈൽ ആപ് തയാറാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത് അങ്ങനെയാണ്.
പാസ്പോർട്ട് അപേക്ഷകരെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ കംപ്യൂട്ടറുകളിൽ സൂക്ഷിക്കാൻ റൂറൽ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക് അനുമതി നൽകി. ഇതോടെ 2015 ജനുവരി ഒന്നു മുതൽ ഇതുസംബന്ധിച്ച എല്ലാ ഫയലുകളും കംപ്യൂട്ടറിലേക്കു മാറ്റി.
അന്വേഷണത്തിനായി വിവിധ പോലീസ് സ്റ്റേഷനുകളിലേക്കു നൽകിയ പാസ്പോർട്ട് അപേക്ഷകരെ സംബന്ധിച്ച റിപ്പോർട്ടുകൾ യഥാസമയം എത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പുതിയ വിദ്യ സഹായകമായി. സേവനാവകാശ നിയമം അനുശാസിക്കുന്നതുപോലെ 20 ദിവസത്തിനകം പാസ്പോർട്ട് അപേക്ഷകളിൽ അന്വേഷണം നടത്തി തീർപ്പാക്കാൻ സാധിച്ചു.
വയനാട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലും ഈ സോഫ്റ്റ് വെയർ വിജയകരമാണെന്നു കണ്ടെത്തി. ഇന്റലിജൻസ് എഡിജിപി ആനന്ദകൃഷ്ണനു പുതിയ വിദ്യയുടെ മികവ് ബോധ്യപ്പെട്ടു. സംസ്ഥാനതലത്തിൽ പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ ഈ സംവിധാനം വികസിപ്പിക്കണമെന്ന് ഡിജിപി ലോകനാഥ് ബഹ്റ നിർദേശം നൽകി.
ഡിജിപിയുടെ നിർദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകളിൽനിന്ന് ഫീൽഡ് വെരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥർക്കായി ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തു. ഈ വിദ്യ സംസ്ഥാനതലത്തിൽ പ്രായോഗികമാക്കാൻ ഡിജിപി നിർദേശം നൽകുകയായിരുന്നു.