ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കാതിരുന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പില്‍ നിന്ന് തങ്ങളും വിട്ടു നില്‍ക്കാമെന്ന് ആംആദ്മി പാര്‍ട്ടി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
എഎപി മന്ത്രി സൗരഭ് ഭരദ്വാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യം രാജവാഴ്ചയിലേക്കു മാറുമെന്നും ഭരണഘടന മാറ്റാനും ജീവനുള്ള കാലത്തോളം രാജാവായി സ്വയം അവരോധിക്കാനും മോദി ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐയേയും ഇ.ഡി.യെയും ഇന്‍കംടാക്സിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
2015, 2020 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പൂജ്യം സീറ്റുകളില്‍ ഒതുങ്ങിയതും എഎപിയുടെ വക്താവ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് മറുപടിക്കായി കാത്തിരിക്കെയാണ് എഎപിയുടെ ഈ നീക്കം.
ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനു ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി നേതാക്കള്‍ ഇല്ലെന്ന് മാത്രമല്ല ആശയങ്ങളുടെ കാര്യത്തിലും ഉണ്ടെന്നും പറഞ്ഞു.
അതുകൊണ്ട് കോണ്‍ഗ്രസ് എഎപിയുടെ ആദര്‍ശങ്ങള്‍ കടമെടുത്തു തുടങ്ങിയതായും പറഞ്ഞു.
വെള്ളം, വൈദ്യുതി, സ്ത്രീകള്‍ക്കു സൗജന്യ ബസ് യാത്ര തുടങ്ങി എഎപിയുടെ ക്ഷേമ പദ്ധതികളെ പരിഹസിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ അതെല്ലാം അവര്‍ പകര്‍ത്തുകയാണെന്നും പറഞ്ഞു.