കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു. സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും പ്രസ്താവനയുമായി രംഗത്ത് വന്നതോടെയാണ് സംഭവത്തിന് രാഷ്ട്രീയ മാനം കൈവന്നിട്ടുള്ളത്.
അനീഷ്യയുടെ സഹപ്രവർത്തകനായ എപിപിയുടെയും മറ്റൊരു ഉദ്യോഗസ്ഥന്റെ മാനസിക പീഡനവും പരസ്യ അവഹേളനവും സഹിക്കാതെയാണ് താൻ മരിക്കുന്നതെന്ന അനീഷ്യയുടെ വെളിപ്പെടുത്തൽ ഇതിനകം പുറത്ത് വന്നിട്ടുള്ളതാണെന്ന് ലോയേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറയുന്നു.
ഇവരെ സസ്പെൻഡ് ചെയ്ത് നീതിപൂർവക അന്വേഷണം നടത്തണമെന്നാണ് യൂണിയന്റെ ആവശ്യം. അനീഷ്യയുടെ ഡയറി കുറിപ്പുകളും മരണ മൊഴിയുടെ രൂപത്തിൽ പരവൂർ മജിസ്ട്രേറ്റിന് അയച്ച വാട്സ് ആപ്പ് സന്ദേശവും ഇവരുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകളാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
വസ്തുത ഇതായിരിക്കെ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അനീഷ്യയെ കൊല്ലത്തെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ ഭീഷണിപ്പെടുത്തി എന്ന പ്രചാരണമുണ്ടായി. കൊല്ലത്തെ മറ്റൊരു അഭിഭാഷകനായിരുന്നു ഇതിന് പിന്നിൽ. ഇതിന്റെ നിജസ്ഥിതി അറിയാൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ബോറിസ് പോൾ അടുത്ത ദിവസം അനീഷ്യയുടെ കുടുംബത്തെ സന്ദർശിച്ചു.
ആരോപണം പച്ചനുണയാണെന്ന് അനീഷ്യയുടെ ബന്ധുക്കൾ വ്യക്തമാക്കിയെന്നും യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.മാത്രമല്ല ഈ അഭിഭാഷകനെ സംബന്ധിച്ച് അനീഷ്യ ശബ്ദ സന്ദേശത്തിലോ ഡയറി കുറിപ്പുകളിലോ വ്യക്തമാക്കുന്നുമില്ല. സന്ദേശങ്ങളിൽ തന്റെ മരണത്തിന് പിന്നിൽ രണ്ട് വ്യക്തികളാണെന്ന് അനീഷ കൃത്യമായി പരാമർശിക്കുന്നുമുണ്ട്.
ഇത്രയും വ്യക്തതയുള്ള സംഭവത്തിൽ ഒരു തെളിവും ഇല്ലാതെ പബ്ലിക് പ്രോസിക്യൂട്ടറുടെ പേര് വലിച്ചിഴച്ചത് വ്യക്തി വിരോധത്തിന്റെ പേരിൽ മാത്രമാണ്. വ്യക്തി വിരോധം തീർക്കാനും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയ ലാഭം ചെയ്യാനുമുള്ള ശ്രമമാണ് ഇതിന് പിന്നിൽ ഉണ്ടായതെന്നുമാണ് യൂണിയൻ ആരോപിക്കുന്നത്.
ആരോപണ വിധേയർക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഒരു കാലത്തും യാതൊരു ബന്ധവും പുലർത്തിയിട്ടില്ലാത്തവരാണ്. ഒരു ബുദ്ധികേന്ദ്രവും ആസൂത്രിതമായ ഗൂഢാലോചനയും കൃത്യമായ ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടെന്നും ലോയേഴ്സ് യൂണിയൻ പറയുന്നു.
ഒരു സഹോദരിയുടെ ജീവൻ അകാലത്തിൽ പൊലിഞ്ഞ സംഭവത്തെ രാഷ്ട്രീയ നേട്ടത്തിനും സ്വാർഥ ലാഭത്തിനുമായി വളച്ചൊടിക്കുകയാണ്. മനുഷ്യത്വത്തിന് വില കൽപ്പിക്കാത്ത ആട്ടിൻ തോലണിഞ്ഞ രക്തദാഹികളായ ചെന്നായ്ക്കളെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തണമെന്നും യൂണിയൻ പ്രസ്താവന ആഹ്വാനം ചെയ്യുന്നു.