കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അന്വേഷണങ്ങളും പുരോഗമിക്കുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം രണ്ട് ദിവസമായി തുടരുകയാണ്. എസിപി എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അനീഷ്യയുടെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കുന്നത് പൂർത്തിയാക്കി.
പരവൂർ പോലീസ് കൈമാറിയ അനീഷ്യയുടെ ഡയറി കുറിപ്പുകളും വാട്സ് ആപ്പ് സന്ദേശങ്ങൾ അടങ്ങിയ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധനകൾക്ക് അയക്കും.
അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവരിൽ നിന്നും ഉദ്യോഗസ്ഥർ മൊഴികൾ ശേഖരിക്കും. സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ നിർദേശാനുസരണം ആയിരിക്കും ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ നിന്ന് സംഘം മൊഴിയെടുക്കുക. അസ്വാഭാവിക മരണത്തിനാണ് പരവൂർ പോലീസ് കേസ് എടുത്തിരുന്നത്.
ഇതിന്റെ ചുവട് പിടിച്ചാണ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നത്. ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകൾ ഉൾക്കൊള്ളിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.
ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിർദേശാനുസരണം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ കെ. ഷീബ നടത്തുന്ന അന്വേഷണവും ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. പരവൂർ ബാർ അസോസിയേഷൻ ഹാളിൽ എത്തിയ ഇവർ അസോസിയേഷൻ പ്രസിഡന്റ് എസ്.ആർ. അനിൽ കുമാർ, സെക്രട്ടറി അനിൽ കുമാർ എന്നിവരിൽ നിന്ന് വിശദമായ വിവരങ്ങൾ ആരാഞ്ഞ് മൊഴി രേഖപ്പെടുത്തി. കൂടാതെ അഭിഭാഷകരായ കിഴക്കനേല സുധാകരൻ, എം.പി. സുനിൽ കുമാർ, ശ്രീരാജ്, കവിത എന്നിവരിൽ നിന്നും രണ്ട് കോടതി ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു.
അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എപിപി അടക്കമുള്ളവരിൽ നിന്ന് ഡിഡിപി ഇന്ന് മൊഴിയെടുക്കും എന്നാണ് വിവരം.അതേ സമയം അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ അഭിഭാഷകർക്കിടയിലും പ്രോസിക്യൂട്ടർമാർക്കിടയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയൊന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയില്ല എന്നാണ് വിലയിരുതൽ.