കൊല്ലം: പരവൂർ മുനിസിഫ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ മജിസ്ട്രേട്ടുമാരുടെ മൊഴിയെടുക്കാൻ നീക്കം. വകുപ്പുതല അന്വേഷണം നടത്തുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ( ഹെഡ്ക്വാർട്ടേഴ്സ് ) കെ. ഷീബ ഇതിനായി ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
കഴിഞ്ഞ മാസം 23 – നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു നിർദശം. ഇതിന്റെ ഭാഗമായി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് വിവരം. മജിസ്ട്രേട്ടുമാരുടെ മൊഴികൾ കൂടി രേഖപ്പെടുത്തിയാലേ അന്വേഷണം പൂർത്തിയാകുകയുള്ളൂ. അതിനു ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
അതേസമയം സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ഒട്ടും പുരോഗതില്ലാത്ത അവസ്ഥയാണ്. ആരോപണ വിധേയരായ കൊല്ലത്ത ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ എപിപി കെ. ആർ. ശ്യാം കൃഷ്ണ എന്നിവരുടെ മൊഴികൾ ഇതുവരെ എടുക്കാൻ ഇതുവരെ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല.
ആരോപണ വിധേയരായവർ സസ്പെൻഷനിൽ ആയിട്ടു പോലും അവരുടെ മൊഴിയെടുക്കാത്തതിൽ അഭിഭാഷകർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.അനീഷ്യ ആത്മഹത്യ ചെയ്തത് ജനുവരി 21നാണ്. 23ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് ഇറങ്ങി. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 24ന് ക്രൈംബ്രാഞ്ചിന് കൈമാറി.
അസ്വാഭാവിക മരണം എന്ന വകുപ്പിൽ തന്നെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടുള്ളത്. അനീഷ്യയുടെ ബന്ധുക്കളുടെ മൊഴി മാത്രമാണ് ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.ജോലി സ്ഥലത്തെ മാനസിക പീഡനവും തൊഴിൽപരമായ വിവേചനവും കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്ന അനീഷ്യയുടെ ഡയറി കുറിപ്പുകളും ശബ്ദ സന്ദേശങ്ങളും തെളിവായി ലഭിച്ചിട്ടും അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് മെല്ലെപ്പോക്കിലാണ്.
അനീഷ്യയുടെ മൊബൈൽ ഫോണും ഡയറിക്കുറിപ്പുകളും സൈൻ്റിഫിക് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്. ഇതിൻ്റെ ഫലം വന്ന ശേഷമേ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കുകയുള്ളൂ എന്നാണ് അറിയുന്നത്.
എസ്.ആർ. സുധീർ കുമാർ