മങ്കൊമ്പ്: കായലിലെ ഓളത്തിൽപ്പെട്ട് വള്ളത്തിൽനിന്ന് വെള്ളത്തിലേക്കു തെറിച്ചുവീണ ഭാര്യയെ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയ ഗൃഹനാഥൻ മരിച്ചു. കാവാലം വടക്ക് തൈവേലിൽ ജോസഫ് (അപ്പച്ചൻ-56) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ കുടുംബാംഗങ്ങളുമൊത്ത് മാരാൻ കായലിലുള്ള സ്വന്തം കൃഷിസ്ഥലത്തേക്കു പോകുന്പോഴാണ് അപകടമുണ്ടായത്.
രാജപുരം കായലിന്റെ വടക്ക് ഇരുപത്തിനാലായിരം കായലിന്റെ തെരശിലൂടെ കടന്നുപോകുന്നതിനിടെ അപ്പച്ചൻ ഓടിച്ചിരുന്ന വള്ളം ഓളത്തിൽപ്പെടുകയായിരുന്നു. ആടിയുലഞ്ഞ വള്ളത്തിൽനിന്നും അപ്പച്ചന്റെ ഭാര്യ ലീന വെള്ളത്തിലേക്കു വീണു. അപ്പച്ചനും സഹോദരപുത്രൻ മിബിനും ലീനയെ രക്ഷിക്കാനായി വെള്ളത്തിലേക്കു ചാടി. ഇരുവരും ചേർന്നു ലീനയെ ഉയർത്തിയെങ്കിലും വള്ളം അവരുടെ സമീപത്തുനിന്നും ഒഴുകിമാറിയിരുന്നു.
അപ്പച്ചന്റെ മക്കളായ റിറ്റിയും രേഷ്മയും ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്നു. ചേക്കാത്തറയിൽനിന്നു ചങ്ങനാശേരിക്കു പോകുകയായിരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാർ കുട്ടികളുടെ ബഹളംകേട്ട് ബോട്ടുമായെത്തി വെള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ചു. ദൈവദൂതരെപ്പോലെ കൃത്യസമയത്ത് ബോട്ട് എത്തിയില്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂടുമായിരുന്നു.
അപകടത്തിൽപ്പെട്ടവരെയും കയറ്റി ബോട്ട് വേഗത്തിലോടിച്ച് ലിസ്യൂ ബോട്ടുജെട്ടിയിൽ എത്തിച്ച് തയാറാക്കിനിർത്തിയിരുന്ന വണ്ടിയിൽ തുരുത്തിയിലും ചെത്തിപ്പുഴയിലുമുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും അപ്പച്ചന്റെ ജീവൻ രക്ഷിക്കാനായില്ല. നാട്ടിലേവർക്കും പ്രിയങ്കരനായ അപ്പച്ചൻ കുറേ വർഷങ്ങൾക്കുമുന്പ് പാന്പുവിഷബാധയിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നയാളാണ്.
കാവാലം ലിസ്യുവിൽ സ്റ്റേഷനറിക്കട നടത്തുകയായിരുന്നു. ചങ്ങനാശേരി കാട്ടാംപള്ളിൽ കുടുംബാംഗമായ ലീന തിരുവല്ല ഐസിസി ബാങ്കിലെ ജീവനക്കാരിയാണ്. രണ്ടു പെണ്മക്കളിൽ മൂത്തയാളായ റെറ്റി മൈസൂരിൽ നഴ്സിംഗിനും രേഷ്മ വാഴപ്പള്ളി സെന്റ് തെരേസാസിൽ പ്ലസ് വണ്ണിനും പഠിക്കുന്നു. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു കാവാലം ലിസ്യു പള്ളിയിൽ.