ചെറുതോണി: ഉടുതുണിക്കു മറുതുണിയില്ലാതെ എല്ലാം ഉരുൾ വിഴുങ്ങിയപ്പോഴും സഹോദരന്റെ നിർബന്ധത്തിനു വഴങ്ങിയതിനാൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഉപ്പുതോട് അരിമറ്റത്തിൽ ജോസഫും (അപ്പച്ചൻ) കുടുംബവും.
നാലു പേരുടെ ജീവനെടുത്ത ജില്ലയിലെ ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായത് ഇവിടെയാണ്. കഴിഞ്ഞ മാസം 17ന് രാത്രി 9.30ഓടെയാണ് നാടിനെ വിറപ്പിച്ച ഉരുൾപൊട്ടൽ. കനത്ത മഴ തുടരുന്നതിനാൽ ചെങ്കുത്തായ സ്ഥലത്തെ വീട്ടിൽ ജ്യേഷ്ഠൻ കഴിയുന്നതു സുരക്ഷിതമല്ലെന്ന് അപ്പച്ചന്റെ സഹോദരൻ സണ്ണിയോടു സുഹൃത്ത് ഇടശേരിക്കുന്നേൽ തങ്കച്ചൻ ഓർമപ്പെടുത്തി. ഇതേത്തുടർന്ന് രാത്രി ഏഴിനു സണ്ണി അപ്പച്ചന്റെ വീട്ടിലെത്തി തറവാട്ടുവീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.
പ്രാർഥനയിലായിരുന്ന അപ്പച്ചനും കുടുംബവും കുറച്ചുകഴിഞ്ഞു വന്നേക്കാം എന്നറിയിച്ചു. മടങ്ങിപ്പോയ സണ്ണി ഒരുമണിക്കൂർ കഴിഞ്ഞു വീണ്ടും അപ്പച്ചനെ ഫോണിൽ വിളിച്ചു വീട്ടിലേക്കു വരാൻ നിർബന്ധിച്ചു. എന്നിട്ടും മടിച്ചുനിന്ന കുടുംബത്തെ രാത്രി ഒന്പതോടെ തറവാട്ടിലേക്കു സണ്ണി നിർബന്ധിച്ചു കൂട്ടികൊണ്ടുപോകുകയായിരുന്നു. 9.15ഓടെ അപ്പച്ചനും കുടുംബവും തറവാട്ടു വീട്ടിലേക്ക് എത്തി. ഇവർ തറവാട്ടിലെത്തി പത്തു മിനിറ്റിനകം ഭീകരമായ ശബ്ദവും കുലുക്കവുമുണ്ടായി. എന്താണു സംഭവിക്കുന്നതെന്നു കൂരിരുട്ടത്തു മനസിലായില്ല.
ആ കാഴ്ച
രാവിലെ ഉറക്കമുണർന്നു വീടിരുന്ന സ്ഥലത്തേക്കു നോക്കിയപ്പോൾ സ്തംഭിച്ചുപോയി. വീടിരുന്ന ഇടം ഉഴുതുമറിച്ചതു പോലെ…സഹോദരന്റെ നിർബന്ധം മൂലം കുടുംബത്തിനൊന്നാകെ ജീവൻ തിരിച്ചുകിട്ടിയെന്നറിഞ്ഞപ്പോഴുണ്ടായ വികാരം പറയാനാവുന്നില്ല.
അപ്പച്ചന്റെ ഭാര്യ മോളിയും മക്കളായ അഞ്ചുവും അനുവും ഇപ്പോഴും ഞെട്ടലിൽനിന്നു മോചിതരായിട്ടില്ല. ഉടുത്തിരുന്ന വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടു. കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മണ്ണിൽനിന്നു കിട്ടി. റേഷൻകാർഡ് ഉൾപ്പെടെയുള്ളവയെല്ലാം ഒഴുകിപ്പോയി.
ഒന്നും ബാക്കിയില്ല
കർഷകനായ അപ്പച്ചന് ഒരേക്കർ പുരയിടമാണുണ്ടായിരുന്നത്. കൃഷിയും നല്ലൊരു വാർക്കകെട്ടിടവും ഉണ്ടായിരുന്നു. മകളുടെ വിവാഹാവശ്യത്തിനായി അഞ്ചു വർഷമായി കരുതിവച്ചിരുന്ന 500 കിലോ കുരുമുളകും ഉരുളെടുത്തു. ഒരു മാസം മുന്പ് വായ്പയെടുത്താണു പശുവിനെ വാങ്ങിയത്. 21 ലിറ്റർ പാൽ കറവയുള്ള പശു ഉൾപ്പെടെ തൊഴുത്തിലുണ്ടായിരുന്ന രണ്ടു പശുക്കളും രണ്ടു കിടാക്കളും വെള്ളപ്പാച്ചിലിൽ പോയി. ഇവർ വളർത്തിയിരുന്ന രണ്ടു പന്നികളും മറ്റു വളർത്തു മൃഗങ്ങളും ഉരുൾപൊട്ടലിൽ ചത്തു.
മൂന്നു വീടുകൾ
മൂന്നു വീടാണ് ഉരുൾപൊട്ടലിൽ പൂർണമായും കാണാമറയത്തായത്. ചരളയിൽ ദിവാകരന്റെ പുരയിടത്തിലാണ് ഉരുൾപൊട്ടലിനു തുടക്കമായത്. ദിവാകരന്റെ വീട് മലവെള്ളത്തോടൊപ്പം പോയി.
തുടർന്ന് അരിമറ്റത്തിൽ അപ്പച്ചന്റെ വീട്ടിലേക്ക് എത്തി. ഇവർക്കു താഴെയാണ് നാലുപേരുടെ ജീവൻ നഷ്ടമായ അയ്യപ്പൻകുന്നേൽ മാത്യുവിന്റെ വീടുണ്ടായിരുന്നത്. ഇവിടെ മരിച്ച രാജമ്മ മാത്യുവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇടശേരിക്കുന്നേൽ അനൂപ്, മുണ്ടക്കൽ വിൽസണ് എന്നിവരുടെ വീട് ഭാഗികമായി തകർന്നു.
ഒരു കിലോമീറ്ററിലധികം ദൂരം വരെയാണ് ഉരുൾ ഒഴുകിപ്പാഞ്ഞത്. 25 ഏക്കറോളം സ്ഥലത്തെ കൃഷി ഒലിച്ചുപോയി. വിള സമൃദ്ധമായ കൃഷിയിടമാണ് ഉരുൾ വിഴുങ്ങിയത്. റബർ, ജാതി, കൊക്കോ, കുരുമുളക്, തെങ്ങ്, ഗ്രാന്പു തുടങ്ങിയ എല്ലാ വിളകളും സമൃദ്ധമായി വളർന്നിരുന്നു.
ഇനിയെന്ത്?
മലയിടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണയുണ്ടാവുന്ന രീതിയിലുള്ള ഉരുൾപൊട്ടലായിരുന്നില്ലെന്നും ഇതു സംബന്ധിച്ച് ജിയോളജി വകുപ്പ് പഠനം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
25 വർഷത്തെ അധ്വാനം നഷ്ടമായ അപ്പച്ചൻ ഇനിയെങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ്. ഡിഗ്രി പഠനം പൂർത്തിയാക്കിയ മൂത്തമകൾ പിഎസ്സി പരീക്ഷാ പരീശീലനം നടത്തുകയാണ്. മൂത്ത മകൾക്കെങ്കിലും സർക്കാർ സർവീസിൽ ഒരു ജോലി ലഭിക്കണമെന്നാണ് അപ്പച്ചന്റെ ആഗ്രഹം. വീടും പുരയിടവും വീട്ടുപകരണവുമെല്ലാം നശിച്ച ഇദ്ദേഹത്തിനു മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും കുടുംബം പുലർത്താനും മറ്റുള്ളവരുടെ സഹായം തേടേണ്ട സ്ഥിതിയാണ്.