കറുകച്ചാൽ: പടുതാക്കുളത്തിൽ മീൻവളർത്തി വിജയഗാഥ രചിച്ചിരിക്കുകയാണ് വെട്ടിക്കാവുങ്കൽ കാട്ടുകുന്നേൽ ജോസഫ് മാത്യു എന്ന അപ്പച്ചൻകുട്ടി. നീണ്ടകാലത്തെ പ്രവാസ ജീവിതത്തോടു വിട പറഞ്ഞ് നാട്ടിലെത്തിയ അപ്പച്ചൻകുട്ടി കാർഷിക വൃത്തിയിലേക്കു തിരിയുകയായിരുന്നു. തന്റെ തോട്ടത്തിലെ റബർ മരങ്ങളിൽനിന്നും മെച്ചപ്പെട്ട ആദായം ലഭിക്കാതെ വന്നതോടെ മറ്റ് മാർഗങ്ങൾ തിരഞ്ഞു.
എൻജിനിയറിംഗ് ബിരുദധാരിയായ മകൻ നോവിന്റെ ആശയമാണ് മീൻകുളം. മത്സ്യക്കൃഷിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പഠിച്ച ശേഷം റബർ മരങ്ങൾ വെട്ടിമാറ്റിയ ഭാഗത്ത് 25 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും ജെസിബി ഉപയോഗിച്ച് കൂറ്റൻ കുളം നിർമിച്ചു. അതിൽ പടുതയും വിരിച്ചു. പടുത വിരിച്ച ശേഷം വെള്ളം നിറച്ച കുളത്തിൽ മീനുകളെയും നിക്ഷേപിച്ചു.
കോട്ടയം മീനടം ഫിഷ് ഫാമിൽനിന്നും വാങ്ങിയ 4000 തിലാപ്പിയ, കട്ല, രോഹു ഇനത്തിൽപ്പെട്ട മീനുകൾ 500 വീതവും കുളത്തിൽ നിക്ഷേപിച്ചു. കുളത്തിലെ വെള്ളത്തിന്റെ പി.എച്ച് മൂല്യം പള്ളം ഫിഷറീസിൽ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങളും നടത്തി. വെറും എട്ടു മാസത്തെ പരിചരണത്തിനൊടുവിൽ കുളത്തിൽനിന്നും വിളവെടുത്തത് പതിനായിരത്തിലധികം കിലോ മത്സ്യങ്ങളാണ്.
അപ്പച്ചൻകുട്ടിയുടെ കുളത്തിലെ വിളവെടുപ്പ് നാടിന്റെ ഉത്സവമായി മാറി. വിവരമറിഞ്ഞ് എത്തിയവർ പൊന്നും വിലയ്ക്ക് മീൻ വാങ്ങുവാനും തയ്യാറായി. 180 മുതൽ 200 രൂപ വരെ വിലയ്ക്കാണ് മീനുകളെ വിൽക്കുന്നത്.
കന്നി വിളവെടുപ്പിൽത്തന്നെ മുടക്കുമുതൽ തിരിച്ചു പിടിക്കാനായ സന്താഷത്തിലാണ് അപ്പച്ചൻകുട്ടി. സാന്പത്തിക നേട്ടവും ഒപ്പം മാനസിക ഉല്ലാസവും നേടുവാനുള്ള മാർഗമാണ് മത്സ്യക്കൃഷിയെന്നാണ് അപ്പച്ചൻകുട്ടി പറയുന്നത്. –