ബാലരാമപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50ൽ അധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. വെങ്ങാനൂർ മംഗലത്തുകോണം പുത്തൻകാനം എ.കെ. നഗറിൽ നെടിയവിള വീട്ടിൽ അപ്പാച്ചി ബൈജുവെന്ന ആർ.സിനോരാജ് (37) ആണ് റിമാൻഡിലായത്.കൊലപാതകം,വധശ്രമം,മോഷണം,അടിപിടി തുടങ്ങിയ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
കട്ടച്ചൽകുഴി പുത്തൻകാനം വാറുവിളാകത്ത് വീട്ടിൽ സനുവിനെയും സുഹൃത്ത് ഇന്ദ്രജിത്തിനെയും മംഗലത്തുകോണത്ത് വച്ച് കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ബാലരാമപുരം പോലീസ് സ്റ്റേഷനിൽ വധശ്രമം അടക്കം രണ്ടു കേസുകളും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ ഏഴു കേസുകളും ഫോർട്ട് പോലീസ് സ്റ്റേഷനിൽ 10 കേസുകളും പേരൂർക്കട പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളും ഇയാളുടെ പേരിലുണ്ട്.
നേമം, വിഴിഞ്ഞം, കരമന,കണ്ട്രോണ്മെന്റ് സ്റ്റേഷനുകളിൽ 10 കേസുകളിലും ഇയാൾ പ്രതിയാണ്. ആകെ നഗരത്തിലെയും റൂറലിലെയും പോലീസ് സ്റ്റേഷനുകളിലായി 50ൽ അധികം കേസുകളിൽ പ്രതിയാണ്. സ്ഥിരമായി ആയുധം കൂടെ കൊണ്ട് നടക്കുന്ന ഇയാൾ വളരെ ക്രൂരമായാണ് എതിരാളികളെ ആക്രമിക്കുന്നതെന്ന് ബാലരാമപുരം എസ്.ഐ.പ്രദീപ്കുമാർ പറഞ്ഞു.
മുങ്ങി നടക്കുകയായിരുന്ന പ്രതിയെ തന്ത്രപരമായാണ് മെഡിക്കൽ കോളജ് ഉള്ളൂരിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ബാലരാമപുരം പോലീസ് പിടികൂടിയത്. പോലീസ് വീട് വളഞ്ഞതും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബാലരാമപുരം എസ്.ഐ.പ്രദീപ്കുമാർ,ഗ്രൈഡ് എസ്.ഐ.ഗ്രിഗോറിയസ്,കോണ്സ്റ്റബിൾമാരായ സന്തോഷ്,മനോജ്,ജോണി എന്നിവർ ചേർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.